ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

0 1,632

ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ

 

കോഴിക്കോട്: ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പോയത്.

ഒക്ടോബർ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തിൽ മന്ത്രിക്കൊപ്പം ഡിഎംഒയും പങ്കെടുത്തിരുന്നു. യോഗത്തിൽ തീർത്തും ക്ഷീണിതയായ കാണപ്പെട്ട ഡിഎംഒയോട് നിരീക്ഷണത്തിൽ പോകാനും കൊവിഡ് പരിശോധന നടത്താനും ജില്ലാ കളക്ടർ നിർദേശിക്കുകയിരുന്നു. ഇതനുസരിച്ച് ഇന്നലെ കൊവിഡ് പരിശോധന നടത്തിയപ്പോൾ ആണ് ജയശ്രീക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കമ്മീഷണറും കൊവിഡ് പൊസീറ്റീവായത്. ഇതോടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന മൂന്ന് പ്രധാനവ്യക്തികളുടെ സാന്നിധ്യമാണ് ജില്ലയിൽ താത്കാലികമായി ഇല്ലാതാവുന്നത്. മലപ്പുറം ഡിഎംഒ കെ.സക്കീനയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.