മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം:കേസിൽ കുടുക്കിയതുമുതല്‍ ഭര്‍ത്താവിന്‍റെ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ

0 424

മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം:കേസിൽ കുടുക്കിയതുമുതല്‍ ഭര്‍ത്താവിന്‍റെ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ

 

മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും ചുമത്തിയതോടെ ആശങ്കയിലാണ് മലപ്പുറം വേങ്ങരയിലെ അദ്ദേഹത്തിന്‍റെ കുടുംബം. കേസിൽ കുടുക്കിയതുമുതല്‍ ഭര്‍ത്താവിന്‍റെ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ റഹിയാനത്ത് സിദ്ദീഖ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

വേങ്ങര പാലച്ചിമാടിലെ വീട്ടില്‍ ഭാര്യയും മൂന്ന് മക്കളും സിദ്ദീഖിന്‍റെ കൂടുതല്‍ വിവരങ്ങളെന്തെങ്കിലും അറിയുമോയെന്നറിയാൻ കാത്തിരിക്കുകയാണ്. തൊണ്ണൂറു വയസ് പിന്നിട്ട അമ്മയെ സിദ്ദീഖിന്‍റെ അറസ്റ്റും കേസും ഒന്നും അറിയിച്ചിട്ടില്ല. ഹാഥ്റസിലേക്ക് പോയ ഭര്‍ത്താവിനെതിെര രാജ്യദ്രോഹക്കുറ്റം ചുമത്തിയത് വല്ലാത്ത അനീതിയാണെന്നും റഹിയാനത്ത് സിദ്ദീഖ് പറഞ്ഞു. മാധ്യമങ്ങളില്‍ നിന്നറിയുന്ന വിവരങ്ങള്‍ മാത്രമേ സിദ്ദീഖിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഇവര്‍ക്കറിയൂ. തിങ്കളാഴ്ച്ച അദ്ദേഹത്തെ അറസ്റ്റ് ചെയ്തതറിഞ്ഞതും മാധ്യമങ്ങളിലൂടെയാണ്.

മാധ്യമ പ്രവര്‍ത്തകനെന്നതിനപ്പുറം സിദ്ദീഖ് ഒരു സംഘടനയിലും പ്രവര്‍ത്തിക്കുന്നില്ലെന്ന് റഹിയാനത്ത് സിദ്ദീഖ് പറഞ്ഞു. ഭര്‍ത്താവിനെതിരെയുള്ള കള്ളക്കേസ് ഒഴിവാക്കാൻ സഹായിക്കണമെന്നാവശ്യപെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി പിണറായി വിജയനും സിദ്ദീഖിന്‍റെ കുടുംബം നിവേദനം നല്‍കുന്നുണ്ട്.