മാക്കൂട്ടത്തെ മരം മുറികേസ് : കേരളാ റവന്യൂ ഭൂമിയിൽ മുറിച്ചിട്ട മരങ്ങൾ കർണ്ണാടകാ വനം വകുപ്പ് കടത്തി
ഇരിട്ടി: മാക്കൂട്ടത്ത് കേരളത്തിന്റെ അധീനതയിലുള്ള റവന്യു പുറംപോക്ക് ഭൂമിയിൽ ഇവിടുത്തെ താമസക്കാർ മുറിച്ചിട്ട മരങ്ങൾ മുഴുവൻ കർണ്ണാടക വനം വകുപ്പ് കടത്തിക്കൊണ്ടുപോയി. ലോക്ക് ഡൗണിന്റെ മറവിൽ മാക്കൂട്ടം -ചുരം റോഡിൽ മണ്ണിട്ട് ഏർപ്പെടുത്തിയ സമ്പൂർണ്ണ ഗതാഗത നിരോധനം മറയാക്കിയാണ് കർണ്ണാടക വനം വകുപ്പിന്റെ നടപടി.വെള്ളിയാഴ്ച്ച രാവിലെ ക്രൈയിനുമായി എത്തിയ 15 അംഗ കർണ്ണാടക വനപാലക സംഘം മലയാളി കുടുംബങ്ങൾ താമസിക്കുന്ന കേരളത്തിന്റെ റവന്യു ഭൂമിയിൽ അതിക്രമിച്ചു കടന്നാണ് മരം കൊണ്ടുപോയത്.
50 വർഷമായി മാക്കൂട്ടത്ത് കേരളത്തിന്റെ റവന്യു ഭൂമിയിൽ ജീവിക്കുന്ന മലയാളി ദമ്പതികളായ മാട്ടുമ്മൽ ബാബു, ഭാര്യ സൗമിനി എന്നിവരെയാണ് കർണ്ണാടക വനപാലക സംഘം മൂന്ന മാസം മുൻമ്പ് വീട്ടുമുറ്റത്തെ മരം മുറിച്ചതിന് അറസ്റ്റു ചെയ്തത്. സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. താമസ സ്ഥലത്തെ ചെറിയ മാവ്, പ്ലാവ്, തേക്ക് എന്നിവ വീട്ടാവശ്യത്തിനായിട്ടായിരുന്നു മുറിച്ചത്. ഇവരുടെ അറസ്റ്റിൽ അന്തർ സംസ്ഥാന പാത മണിക്കൂറുകളോളം ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധവും അരങ്ങേറി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യു സംഘം വീരാജ്‌പേട്ടയിൽ എത്തിയാണ് ദമ്പതികൾക്ക് ആവശ്യമായ നിയമ സഹായവും ജാമ്യം ഉൾപ്പെടെയുള്ള നടപടികളും പൂർത്തിയാക്കിയത്. സംഭവത്തിൽ എടൂർ സ്വദേശികളായ സജി, (30), റഷീദ് (28) എന്നിവരെയും കൂടുതലായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സംഭവ സ്ഥലത്തു നിന്നും ഇവർ ഓടി രക്ഷപ്പെട്ടതായും ഒളിവിലാണെന്നുമാണ് കോടതിയിൽ നൽകിയ അഡീഷണൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് .
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ എത്തിയ കർണ്ണാടക വനപാലക സംഘം സമീപത്തെ വീടുകളിൽ തമാസക്കാരെപോലും അങ്ങോട്ട് പ്രവേശിപ്പിച്ചില്ല. സംഭവം അറിഞ്ഞ് ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ മരം കൊണ്ടുപോകുന്നത് തടയണമെന്ന് പോലീസിന് നിർദ്ദേശം നൽകിയെങ്കിലും കൂട്ടുപുഴ അതിർത്തിയിൽ റോഡിൽ മണ്ണിട്ട് ഗതാഗത തടസം ഉണ്ടാക്കിയതിനാൽ പോലീസിന് സമയത്ത് എത്താൻ കഴിഞ്ഞില്ല.
ഇരിട്ടി സി ഐ എ. കുട്ടികൃഷ്ണന്റെ നിർദ്ദേശ പ്രകാരം എസ്.ഐ ദിനേശൻ കൊതേരിയും സംഘവും സ്ഥലത്തെത്തുമ്പോഴെക്കും മരം കൊണ്ടുപോയിരുന്നു. എസ് ഐയും പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകനും മാക്കൂട്ടം വനംവകുപ്പ ചെക്ക് പോസ്റ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മരം മുറിയുമായി ബന്ധപ്പെട്ട് വീരാജ്‌പേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസിന്റെ ആവശ്യാർഥം മരം സൂക്ഷിക്കാനെടുത്തെന്നാണ് മറുപടി ലഭിച്ചത്. ഏപ്രിൽ 13ന് മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് റെയിഞ്ചുറുടെ ഉത്തരവ് പ്രകാരം ഏറ്റെടുത്ത മരം മാക്കൂട്ടം വനം വകുപ്പ് ഓഫീസിലേക്ക് മാറ്റി. മാക്കൂട്ടം റെയിഞ്ചർ കേശവിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
മാക്കൂട്ടത്ത് കുടുംബം താമസിക്കുന്ന പ്രദേശം തങ്ങളുടേതാണെന്നും വനം മുറിക്കുമ്പോൾ അനുമതി വാങ്ങിയില്ലെന്നും ആരോപിച്ചാണ് കർണ്ണാടക വനം വകുപ്പ് അറസ്റ്റും നിയമനടപടികളും സ്വീകരിച്ചത്. എന്നാൽ കർണ്ണാടകയുടെ അവകാശ വാദം പൂർണ്ണമായും തെറ്റാണെന്നാണ് കേരള റവന്യു സംഘം പറയുന്നത്. സംസ്ഥാന പുനസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി അംഗീകരിച്ച സ്ഥാപിച്ച അതിർത്തി നിർണ്ണയ രേഖ കാറ്റിർ പറത്തിക്കൊണ്ടായിരുന്നു കർണ്ണാടകയുടെ നടപടി.
മരം കർണ്ണാടക കടത്തിക്കൊണ്ടുപോകുന്നതറിഞ്ഞ് റവന്യു വകുപ്പിന്റെയും പോലീസിന്റെയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ വലിയ സംഘം കൂട്ടുപുഴ അതിർത്തിയിൽ എത്തിയിരുന്നു
