ഹോട്ടൽ വ്യവസായിയുടെ മൃതദേഹം ഉപേക്ഷിച്ചെന്ന് കരുതുന്ന ട്രോളി ബാഗ് കണ്ടെത്തി; ചുരം ഒൻപതാം വളവിൽ പൊലീസ് പരിശോധന

0 759

പാലക്കാട്:തിരൂർ സ്വദേശിയായ ഹോട്ടലുടമയുടെ മൃതദേഹം തള്ളിയെന്ന് കരുതുന്ന സ്യൂട്ട്‌കേസ് കണ്ടെത്തി.അട്ടപ്പാടി ചുരത്തിന്റെ ഒമ്പതാം വളവിന്റെ താഴെയായാണ് പെട്ടി കണ്ടെത്തിയത്. ഇവിടെ ഒരു നീർചാലുണ്ട്. അതിന്റെ പാറക്കെട്ടുകളിൽ കുടുങ്ങിയ നിലയിലാണ് പെട്ടി കണ്ടെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകത്തിൽഅന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചിക്ക് ബേക്ക് ഹോട്ടലുടമ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. ഹോട്ടലിലെ ജീവനക്കാരനായിരുന്ന 22കാരനായ ഷിബിലിയും പെൺസുഹൃത്ത് 18 വയസ്സുകാരിയായ ഫർഹാനയുമാണ് പിടിയിലായത്.

പ്രതികൾ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊലപാതകം നടത്തി മൃതദേഹം ട്രോളിയിലാക്കി അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്ന കോഴിക്കോട്ടെ ഹോട്ടലിൽ പരിശോധന നടക്കും. തിരൂരിലെത്തിച്ച് പ്രതികളെ ചോദ്യംചെയ്യും. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായാണ് അന്വേഷണം നടത്തുക.

സിദ്ദീഖിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമല്ലാതായതോടെ മകൻ തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവും യുവതിയും പിടിയിലായത്. ചെന്നൈയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ഇവർ എന്തിന് കൊലപാതകം നടത്തി, മൃതദേഹം ചുരത്തിൽ ഉപേക്ഷിക്കാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്