കേരളത്തില്‍ വരാന്‍ പ്രവാസികള്‍ നടത്തേണ്ടത് ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ്, റിസല്‍ട്ട് ഒരു മണിക്കൂറിനുളളില്‍, നിരക്ക് 1,000 രൂപയെന്ന് റിപ്പോര്‍ട്ട്
കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി. വിമാനത്താവളങ്ങളില്‍ നടത്തുന്ന ട്രൂ നാറ്റ് റാപ്പിഡ് ടെസ്റ്റ് മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക്. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്താന്‍. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇക്കാര്യം മുഖ്യമന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രവാസികളുടെ കൊവിഡ് പരിശോധന വേഗത്തില്‍ നടന്നുകിട്ടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റ് ഉളളവര്‍ക്ക് മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് വരാന്‍ പാടുളളൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം നേരത്തെ വിവാദമായിരുന്നു. പ്രവാസികളും പ്രതിപക്ഷ സംഘടനകളും ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. എന്നാല്‍ തീരുമാനം പിന്‍വലിക്കേണ്ടതെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗവും തീരുമാനിച്ചത്. ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് പുറമെ, വന്ദേഭാരത് മിഷന് വഴി വരുന്നവര്‍ക്കും സര്‍ട്ടിഫിക്കെറ്റ് സംസ്ഥാനം നിര്‍ബന്ധമാക്കി. വന്ദേ ഭാരത് മിഷന് കേന്ദ്ര സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത് എന്നതിനാല്‍, ഇതുവരെ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലായിരുന്നു.കൊവിഡ് ടെസ്റ്റ്
വന്ദേഭാരത് മിഷന് വഴി നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ക്കും കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ഇ.പി ജയരാജന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് രോഗലക്ഷണങ്ങളോ, രോഗമോ ഉള്ളവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിമാനത്തില്‍ കയറുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാം. അതേസമയം ഏതെങ്കിലും ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ ഇവിടെ വന്ന് പരിശോധന നടത്തുമ്ബോള്‍ രോഗം കണ്ടെത്തിയാല്‍ ഫ്ളൈറ്റില്‍ വന്നവരെല്ലാം ക്വാറന്റീനില്‍ പോകേണ്ട സാഹചര്യമുണ്ടാകും. അതുകൊണ്ടു തന്നെ രോഗവ്യാപനം തടയുക ലക്ഷ്യമിട്ടാണ് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ നിലപാട്.
ജൂണ്‍ 20 ശനിയാഴ്ച മുതലാണ് കൊവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കെറ്റ് യാത്രക്കായി പ്രവാസികള്‍ ഹാജരാക്കേണ്ടത്. പെയ്ഡ് ക്വാറന്റീന് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 821 ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കാണ് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതില്‍ ജൂണ്‍ 18 വരെ 136 വിമാനങ്ങളെത്തും. രണ്ട് ലക്ഷത്തോളം പേര് തിരിച്ചെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതിന് പുറമെയാണ് വന്ദേഭാരത് മിഷന് വഴി എത്തുന്നവര്‍.