ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്

0 1,059

ആരോഗ്യനിലയില്‍ ആശങ്കയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്: തൃപ്തികരമെന്ന് ട്രംപ്

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്. വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് അറിയിച്ചു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ട്രംപിന്റെ അവകാശ വാദം.

വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിലുള്ളത്. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പരീക്ഷണ മരുന്നിന്റെ ചെറിയ ഡോസ് നല്‍കിയിരുന്നു. ഓക്സിജന്‍ സഹായം നല്‍കി വരുന്നുണ്ടെന്നും ചില യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരുന്ന നാല്‍പ്പത്തെട്ട് മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൌസ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു. എന്നാല്‍ ആരോഗ്യ നില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇതിനിടെ ട്രംപ് രോഗ വിവരം മറച്ചുവെച്ച് ഫണ്ട് ശേഖരണ പരിപാടിയില്‍ പങ്കെടുത്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ട്രംപിനൊപ്പമുണ്ടായിരുന്ന ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും കോവിഡുണ്ട്.

ആമി കോണി ബാരറ്റിന്റെ നാമ നിര്‍ദേശം ആഘോഷിക്കാനായി റോസ് ഗാര്‍ഡനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിപാടിയില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും പങ്കെടുത്തിരുന്നു.

ട്രംപിന് കോവിഡ് ബാധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.