തൃശൂർ: ട്രെയിനിൽ ടിക്കറ്റ് പരിശോധനക്കിടെ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടി.ടി.ഇയെ മർദിക്കുകയും ടിക്കറ്റ് ചാർട്ടും മൊബൈൽ ഫോണും തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് പേരെ തൃശൂർ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി മർദനമേറ്റ് ടി.ടി.ഇ പെരുമ്പാവൂർ സ്വദേശി ബെസി (35)യെ തൃശൂർ ജനറൽ ആശുപത്രിയിലും അവിടെനിന്ന് കളമശ്ശേരി രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലാണ് സംഭവം. ബംഗാൾ സ്വദേശികളായ 15 തൊഴിലാളികൾ ട്രെയിനിൽ നാട്ടിലേക്ക് യാത്രക്കാരായി ഉണ്ടായിരുന്നു. ആലുവക്കും തൃശൂരിനും ഇടയിലാണ് ടി.ടി.ഇ പരിശോധനക്ക് എത്തിയത്. ബംഗാളി തൊഴിലാളികൾ ടിക്കറ്റ് എടുത്തിട്ടില്ലെന്നാണ് റെയിൽവെ വൃത്തങ്ങൾ അറിയിക്കുന്നത്. ടിക്കറ്റ് കാണിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്ന് അറിയിച്ചതോടെ ഇവരിൽ ചിലർ മർദ്ദനം തുടങ്ങി. കൂട്ടത്തോടെ മർദിക്കുകയായിരുന്നുവെന്ന് പറഞ്ഞു. റെയിൽവെ പൊലീസിനെ അറിയിച്ചതോടെ ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ പൊലീസ് തിരിച്ചറിഞ്ഞ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ കേസിൽ ഉൾപ്പെടുത്തുമെന്നാണ് വിവരം.