ലാൻഡിങ്ങിനിടെ വിമാനം തകർന്നു; നഷ്​ടപരിഹാരമായി പൈലറ്റ്​ 85 കോടി നൽകണമെമെന്ന് മധ്യപ്രദേശ്​ സർക്കാർ

888

ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട്​ തകർന്ന വിമാനത്തിന്റെ പൈലറ്റിന്​ മധ്യപ്രദേശ്​ സർക്കാർ പിഴ ചുമത്തിയത്​ 85 കോടി രൂപ. വിമാനത്തിന്റെ വിലയും പകരം വാടകക്കെടുത്ത വിമാനത്തി​ന്റെ ചെലവുമടക്കമാണ്​ 85 കൂടിയുടെ ബിൽ പൈലറ്റിന്​ ലഭിച്ചത്​.

2021 മെയ്​ മാസത്തിൽ ​ഗോളിയോർ വിമാനത്താവളത്തിലാണ്​ അപകടമുണ്ടായത്​. കോവിഡ്​ ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുമായി അഹമ്മദാബാദിൽ നിന്ന്​ ​ഗോളിയോറിലെത്തിയതായിരുന്നു മധ്യപ്രദേശ്​ സർക്കാറിന്റെ ചെറുവിമാനം. റംഡിസിവിർ മരുന്നുകളുമായി വന്ന വിമാനത്തിലുണ്ടായിരുന്നത്​ പൈലറ്റ്​ മാജിദ്​ അക്​തറും കോ പൈലറ്റ്​ ശിവ്​ ​ജയ്​സാലും ഒരു സർക്കാർ ജീവനക്കാരനുമാണ്. കോവിഡ്​ വ്യാപനത്തിനിടെ സന്നദ്ധതയോടെ ജോലി എടുത്തതിന്​ പ്രശംസ കിട്ടിയവരായിരുന്നു മൂന്ന്​ പേരും.

ലാൻഡിങ്ങിനിടെ ‘അറസ്​റ്റർ ബാരിയറിൽ’ കുരുങ്ങിയ വിമാനത്തിന്​ കാര്യമായ കേടുപാടുകൾ പറ്റിയിരുന്നു. വിമാനത്തിലുണ്ടായിരുന്നവർ നിസാര പരിക്കു​കളോടെയാണ്​ രക്ഷപ്പെട്ടത്​.എയർ ട്രാഫിക്​ കൺട്രോളർ, അവിടെ അറസ്​റ്റ്​ ബാരിയർ ഉണ്ടായിരുന്ന വിവരം നൽകിയിരുന്നില്ലെന്നാണ്​ പൈലറ്റ്​ മാജിദ്​ അക്​തർ പറയുന്നത്​. വിമാനത്തിനുണ്ടായ നഷ്​ടം നികത്താനുള്ള ഇൻഷുറൻസും എടുത്തിരുന്നില്ല. ആവശ്യമായ ഇൻഷുറൻസ്​ ഇല്ലാതെ വിമാനം പറത്താൻ അനുമതി നൽകിയത്​ എന്തിനായിരുന്നുവെന്ന്​ മാജിദ്​ അക്​തർ ചോദിക്കുന്നു. എന്നാൽ, സർക്കാർ ഇതിനോട്​ പ്രതികരിച്ചിട്ടില്ല.

അപകടം നടന്നയുടനെ പൈലറ്റിന്റെ ലൈസൻസ്​ ഒരു വർഷത്തേക്ക്​ ഡയറക്​ടറേറ്റ്​ ജനറൽ ഓഫ്​ സിവിൽ ഏവിയേഷൻ സസ്​പെൻറ്​ ചെയ്​തിരുന്നു. അപകടത്തിന്​ ശേഷം ലൈസൻസ്​ സാധുവായി നിലനിർത്തുന്നതിൽ പൈലറ്റ്​ പരാജയപ്പെട്ടുവെന്നും മധ്യ​പ്രദേശ്​ സർക്കാർ മാജിദ്​ അക്​തറിന്​ നൽകിയ കുറ്റപത്രത്തിൽ പറയുന്നുണ്ട്​. എന്നാൽ, അത്​ ഒരു സാധാരണ നടപടി മാത്രമാണെന്നും നിരവധി പേരുടെ ലൈസൻസ്​ ഇത്തരത്തിൽ സസ്​പെൻറ്​ ചെയ്യപ്പെടാറുണ്ടെന്നും പിന്നീട്​ സസ്​പെൻഷൻ ഒഴിവാക്കുമെന്നും മാജിദ്​ അക്​തർ പറയുന്നു.

65 കോടിയോളം രൂപ മുടക്കി മധ്യപ്രദേശ്​ സർക്കാർ വാങ്ങിയ വിമാനമാണ്​ തകർന്നത്​. വിമാനത്തിന്​ 60 കോടിയും പകരം മറ്റ്​​ വിമാനങ്ങൾ വാടകക്കെടുത്ത വകയിൽ 25 കോടിയും ചേർത്ത്​ 85 കോടി പൈലറ്റ്​ നൽകണമെന്നാണ്​ സർക്കാർ ആവശ്യപ്പെടുന്നത്​.

സംഭവത്തെ കുറിച്ച്​ ഡി.ജിസി.എ നടത്തുന്ന അന്വേഷണം അവസാനിച്ചിട്ടില്ല. ഡി.ജി.സി.എ അന്വേഷണം പൂർത്തിയാകുന്നതിന്​ മുന്നെ തന്നെ കുറ്റക്കാരനാക്കരുതെന്നാണ്​ പൈലറ്റ്​ മാജിദ്​ ആവശ്യപ്പെടുന്നത്​.