ട്വന്റി20 ലോകകപ്പിന് വേദിയൊരുക്കാന്‍ ഓസ്‌ട്രേലിയക്ക് ധൈര്യമില്ല, അപ്രായോഗികമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍

0 313

ഈ വര്‍ഷം ട്വന്റി20 ലോകകപ്പ് നടത്തുക എന്നത് അപ്രായോഗികമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. നിശ്ചയിച്ചത് പോലെ ഒക്ടോബര്‍-നവംബറില്‍ ഐപിഎല്‍ നടത്തുക എന്നത് അസാധ്യമാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സ് പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്‌സ് രാജിവെച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിനാണ് ട്വന്റി20 ലോകകപ്പിനെ കുറിച്ചും പ്രതികരണം ഉയര്‍ന്നത്. ഓസ്‌ട്രേലിയയിലെ സ്റ്റേഡിയങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കാനും കാണികളെ പ്രവേശിപ്പിക്കാനും സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു ഐസിസി ടൂര്‍ണമെന്റിന് വേദിയാകുന്നതിന് ഇപ്പോള്‍ രാജ്യത്തിന് ധൈര്യമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ എഡിങ്‌സ് വ്യക്തമാക്കി.

16 രാജ്യങ്ങളാണ് ഓസ്‌ട്രേലിയയിലേക്ക് വരുന്നത്. ഭൂരിഭാഗം രാജ്യങ്ങളിലും കോവിഡ് ഇപ്പോള്‍ ശക്തമായി നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ലോകകപ്പിന് വേദിയാവുക എന്നാല്‍ അപ്രായോഗികമാണ്. അല്ലെങ്കില്‍ അത് വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചെയര്‍മാന്‍ പറഞ്ഞു.

ട്വന്റി20 ലോകകപ്പിന്റെ കാര്യത്തില്‍ ഐസിസി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ട്വന്റി20 ലോകകപ്പ് ഉപേക്ഷിച്ചാല്‍ ഒക്ടോബര്‍-നവംബര്‍ സമയം ഐപിഎല്ലിനായി ബിസിസിഐ വിനിയോഗിക്കും.