ഗോ-കാർട്ട് അപകടത്തിൽ ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം
ഹൈദരാബാദിലുണ്ടായ ഗോ-കാർട്ട് അപകടത്തിൽ ഇരുപതുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ശ്രീ വർഷിനി എന്ന യുവതിയാണ് തലമുടി ടയറിൽ കുരുങ്ങി മരിച്ചത്.
ഹൈദരാബാദിലെ ഗുറം ഗുഡയിലെ അമ്യൂസ്‌മെന്റ് പാർക്കിലാണ് അപകടം നടന്നത്. വണ്ടി ഓടിക്കുന്നതിനിടെ ഹെൽമെറ്റ് ധരിച്ചിരുന്നുവെങ്കിലും പാതിവഴിയിൽ ഹെൽമെറ്റ് ഊരിപ്പോകുകയും മുടി ടയറിൽ കുടുങ്ങുകയുമായിരുന്നു.
ബുധനാഴ്ച നാല് മണിക്കാണ് അപകടം നടന്നത്. തുടർന്ന് ഇന്നലെ വൈകീട്ടോടെ ശ്രീ വർഷിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.ഗോ-കാർട്ട് അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം മീർപേട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.