യു.എ.ഇ.യിൽ നിന്ന് 600 ദിർഹത്തിനും പോയി വരാം, പക്ഷേ വിമാനത്തിൽ ആളില്ല

0 201

 

കൊറോണ സൃഷ്ടിച്ച ആഘാതം വിമാനസർവീസുകളെയും ഹോട്ടലുകളെയും തകർക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്.
യു.എ.ഇ.യിൽ നിന്ന് ഇപ്പോഴും വിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. പക്ഷേ ഓരോ വിമാനത്തിലും യാത്രക്കാർ വളരെ കുറവ്. ബുക്കിങ് കുറഞ്ഞതു കാരണം ചില കമ്പനികൾ ഷെഡ്യൂളുകൾ റദ്ദാക്കിയിട്ടുമുണ്ട്. ഏറ്റവും ചുരുങ്ങിയ തുകയായി 600- 700 ദിർഹത്തിന് തന്നെ ഇപ്പോൾ മടക്കടിക്കറ്റ് ഉൾപ്പെടെ വിമാനയാത്രക്ക് സൗകര്യമുണ്ട്.
പക്ഷേ നേരത്തെ ബുക്ക് ചെയ്തവർ മിക്കവരും ടിക്കറ്റുകൾ റദ്ദാക്കി. പിഴയില്ലാതെ തന്നെ ടിക്കറ്റുകൾ മാറ്റിനൽകാമെന്ന് എല്ലാ വിമാനക്കമ്പനികളും അറിയിച്ചതാണ് ഇപ്പോൾ ആശ്വാസം നൽകുന്നത്. വെള്ളിയാഴ്ച ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിൽ ഇരുപതിൽ താഴെയായിരുന്നു യാത്രക്കാർ.
കൊറോണ വൈറസ് ബാധ എല്ലാ തലത്തിലും യാത്രക്കാരെ പേടിപ്പെടുത്തുന്നുണ്ട്. കഴിയുന്നത്ര യാത്രകൾ കുറക്കണമെന്ന അധികൃതരുടെ മുന്നറിയിപ്പ് എല്ലാവരും ഗൗരവത്തോടെയാണ് കാണുന്നത്.
അതുകൊണ്ട് തന്നെ വിമാനത്തിലും വിമാനത്താവളങ്ങളിലുമെല്ലാം ആളൊഴിഞ്ഞ നിലയിലാണ്.
ടിക്കറ്റ് നിരക്കുകളിലെ വലിയ ഇടിവ് പോലും ആരെയും ആകർഷിക്കുന്നില്ല. വിമാനസർവീസുകളെ കുറിച്ചും ഓരോ നാട്ടിലും നിത്യേന രൂപപ്പെടുന്ന പുതിയ വ്യവസ്ഥകളും സൃഷ്ടിക്കുന്ന അനിശ്ചിതത്വമാണ് വിമാനയാത്രയിൽനിന്ന് ജനം വിട്ടുനിൽക്കുന്നതിന് പ്രധാന കാരണം.
നാട്ടിൽ പോയാലും തിരിച്ചുവന്നാലും പതിന്നാല് ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരുമെന്ന ഭയവും പലരെയും വിലക്കുന്നു.