ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയ്ക്കിടെ യുഡിഎഫ് യോഗം ഇന്ന്

0 126

 

 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളിലെ ഉള്‍പ്പോര് സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ക്കിടെ, യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. ഘടകകക്ഷികളിലെ അഭിപ്രായ ഭിന്നതയില്‍ മുസ്ലീം ലീഗ് താക്കീത് നല്‍കിയതിന് ശേഷം നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്ന് രാവിലെ പത്തിന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരുന്ന യോഗത്തിന്റെ മുഖ്യ അജന്‍ഡ സി.എ.ജി റിപ്പോര്‍ട്ട് ആയുധമാക്കി സര്‍ക്കാരിനെതിരായ പ്രക്ഷോഭമാണെങ്കിലും, മുന്നണിക്കകത്തെ തര്‍ക്കത്തിലേക്ക് ചര്‍ച്ച വഴി മാറാം.. കേരള കോണ്‍ഗ്രസ് തമ്മിലടി കുട്ടനാട് സീറ്റിനെ ബാധിക്കരുതെന്ന മുന്നറിയിപ്പ് നേതൃത്വം നല്‍കും.

കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശീതസമരം മുറുകിയിരിക്കുന്ന പശ്ചാത്തലത്തില്‍, മുന്നറിയിപ്പുമായി ഇന്നലെ മുസ്ലിംലീഗ് രംഗത്തെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും നേരില്‍ക്കണ്ട ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ലെന്ന മുന്നറിയിപ്പ് നല്‍കി. കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളുടെ സ്ഥിതി അതിലും പരിതാപകരമാണ്. മാണിഗ്രൂപ്പില്‍ ജോസ്, ജോസഫ് വിഭാഗങ്ങള്‍ പോരടിച്ച്‌ നില്‍ക്കുന്നതിന് പിന്നാലെ ജേക്കബ് ഗ്രൂപ്പും പിളര്‍ന്നത് മുന്നണിക്ക് മറ്റൊരു തലവേദനയായി. വീരേന്ദ്രകുമാര്‍ വിഭാഗം ഇടതിലേക്ക് പോയപ്പോള്‍ യു.ഡി.എഫില്‍ തുടര്‍ന്ന ജനതാദള്‍-യുവിലും രണ്ട് ചേരികള്‍ രൂപപ്പെട്ടതാണ് ഒടുവിലത്തെ പിളര്‍പ്പ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നണിയെ ശക്തിപ്പെടുത്തേണ്ട ഘട്ടത്തില്‍ പോരടിക്കാനാണെങ്കില്‍ മുന്നണി യോഗം ചേരേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കുഞ്ഞാലിക്കുട്ടി കടുപ്പിച്ച്‌ പറഞ്ഞു. . എന്നാല്‍, ലീഗിനകത്തും അത്ര പന്തിയല്ല കാര്യങ്ങളെന്നാണ് മറ്റ് ഘടകകക്ഷികളുടെ വാദം.