അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും സ്കൂള്‍ യൂണിഫോം തുക നല്‍കിയില്ല

0 468

 

കരിവെള്ളൂര്‍: അധ്യയനവര്‍ഷം അവസാനിക്കാറായിട്ടും സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാര്‍‍ഥികള്‍ക്കുള്ള യൂണിഫോം തുക വിതരണംചെയ്തില്ല. 24 മണിക്കൂറിനുള്ളില്‍ വിതരണംചെയ്യണമെന്നുപറഞ്ഞനുവദിച്ച തുകപോലും അഞ്ചുമാസം കഴിഞ്ഞിട്ടും പ്രഥമാധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ല. എയ്ഡഡ് യു.പി. സ്കൂളുകളിലും ഹൈസ്കൂളുകളിലുമുള്ള ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ എട്ടുവരെ ക്ലാസുകളിലെ എ.പി.എല്‍. ആണ്‍കുട്ടികള്‍ക്കുമുള്ള യൂണിഫോം തുകയാണ് വിതരണംചെയ്യാത്തത്.

മൂന്നുവിഭാഗങ്ങളിലായാണ് സംസ്ഥാനത്തെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം വിതരണംചെയ്യുന്നത്. സര്‍ക്കാര്‍, എയ്ഡഡ് എല്‍.പി. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ യു.പി. സ്കൂളുകള്‍ക്കും കൈത്തറി യൂണിഫോമാണ് നല്‍കുന്നത്. ഇതിനാവശ്യമായ കൈത്തറിത്തുണി അധ്യയനവര്‍ഷം ആരംഭിക്കുമ്ബോള്‍ത്തന്നെ വിതരണംചെയ്തു. സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കും ബി.പി.എല്‍. ആണ്‍കുട്ടികള്‍ക്കും യൂണിഫോമിനാവശ്യമായ തുകനല്‍കും. എസ്.എസ്.കെ.യാണ് ഇതുനല്‍കുന്നത്. നാലുമാസംമുമ്ബ് ഇത് വിതരണംചെയ്തു.

എയ്ഡഡ് യു.പി.സ്കൂളുകളിലും ഹൈസ്കൂളുകളിലുമുള്ള ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ എട്ടുവരെ ക്ലാസുകളിലെ എ.പി.എല്‍. ആണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവകുപ്പ് നേരിട്ടാണ് തുക വിതരണംചെയ്യുന്നത്. ഈ തുകയാണ് ഇതുവരെ ലഭിക്കാത്തത്.

ഈവര്‍ഷംമുതല്‍ ഒരുവിദ്യാര്‍ഥിക്കുള്ള യൂണിഫോം തുക 400-ല്‍നിന്ന് 600 രൂപയായി വര്‍ധിപ്പിച്ചിരുന്നു. എയ്ഡഡ് വിദ്യാലയങ്ങളിലെ യൂണിഫോം തുക നല്‍കാന്‍ സെപ്റ്റംബറില്‍ 21 കോടി രൂപ അനുവദിച്ചതാണ്. 24 മണിക്കൂറിനുള്ളില്‍ തുക വിതരണംചെയ്യണമെന്ന് ഉത്തരവില്‍ത്തന്നെ പറഞ്ഞിട്ടുണ്ട്. ആകെ ലഭിക്കാനുള്ള തുകയുടെ 25 ശതമാനംപോലുമാകുന്നില്ലെങ്കിലും ട്രഷറിനിയന്ത്രണം കാരണം ഈ തുകപോലും വിദ്യാലയങ്ങള്‍ക്ക് ലഭിച്ചില്ല.

കഴിഞ്ഞവര്‍ഷം യൂണിഫോം തുക കൃത്യമായി ലഭിച്ചു. സര്‍ക്കാരിനെ വിശ്വസിച്ച്‌ ഒട്ടേറെ പ്രഥമാധ്യാപകര്‍ കടംവാങ്ങിയും സ്വന്തം കൈയില്‍നിന്നെടുത്തും കുട്ടികള്‍ക്ക് ജൂണില്‍ത്തന്നെ യൂണിഫോം വിതരണംചെയ്തിരുന്നു. ഇത്തരം അധ്യാപകരാണ് ഇപ്പോള്‍ കുരുക്കിലായത്.