ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

0 611

വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സാഹസികമായി രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തെയും എന്‍.ഡി.ആര്‍.എഫ് സംഘത്തെയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സൈന്യത്തിന് അഭിനന്ദനവുമായെത്തിയിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജിഒസി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുകയാണെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്നും രക്ഷാപ്രവര്‍ത്തനവുമായി സഹകരിച്ച വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്, കേരള പൊലീസ്, ഫയര്‍ & റസ്‌ക്യൂ, എന്‍.ഡി.ആര്‍.എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. ഇത് ചരിത്ര രക്ഷാ ദൗത്യമാണ്. സൈന്യത്തിനൊപ്പം വനം, പൊലീസ്, ഫയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അര്‍ഹിക്കുന്നു. സംസ്ഥാനത്തെ ദുരന്ത നിവാരണ അതോറിറ്റിയുടേയും മറ്റ് സംവിധാനങ്ങളുടേയും പോരായ്മകള്‍ ഈ സംഭവം ചൂണ്ടികാട്ടുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.