കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗിക്കാനൊരുങ്ങവേ ബിജെപി റാലിയിൽ ജോലി തേടി മുദ്രാവാക്യം. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ നടന്ന ബിജെപി റാലിയിലാണ് സംഭവം നടന്നത്. ‘സേനാ ബർതി ചാലു കരോ- സൈനിക റിക്രൂട്ട്‌മെൻറ് നടത്തൂ’, ഹമാരി മംഗേ പൂരി കരോ- ഞങ്ങളുടെ ആവശ്യം പരിഗണിക്കൂ’ എന്നീ മുദ്രവാക്യങ്ങളാണ് രാജ്‌നാഥ് സിങ് സ്‌റ്റേജിൽ നിൽക്കവേ അണികൾ ഉയർത്തിയത്. ‘ഹോഗി, ഹോഗി – അത് സംഭവിക്കും’ എന്ന് പറഞ്ഞും ഒന്നും പ്രശ്‌നമാക്കേണ്ടെന്ന് പറഞ്ഞും മന്ത്രി അവരെ സമാധാനിപ്പിക്കുകയായിരുന്നു.
നിങ്ങളുടെ സങ്കടങ്ങൾ ഞങ്ങളുടേതുമാണെന്നും കോവിഡ് കാരണം ചില ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പുഞ്ചിരിയോടെ എല്ലാവരെയും ‘ഭാരത് മാതാ കീ’ വിളിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.