യൂണിടാകിനെ നിയമിച്ചത് റെഡ് ക്രസന്റ്; ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്ന് സർക്കാർ

0 756
യൂണിടാകിനെ നിയമിച്ചത് റെഡ് ക്രസന്റ്; ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്ന് സർക്കാർ

 

റെഡ് ക്രസന്റും യുണിടാകുമായുള്ള ഇടപാടുകളിൽ സർക്കാരിന് ബന്ധമില്ലെന്ന് വാദം. ഹൈക്കോടതിയിലാണ് സർക്കാർ ഈ നിലപാട് ഉന്നയിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം  രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്നും സംസ്ഥാനം വാദിച്ചു. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരും യൂണിടാക് ഉടമയും സമർപ്പിച്ച ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്.

വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ചെന്നായിരുന്നു സിബിഐയുടെ കഴി‍ഞ്ഞ ദിവസത്തെ നിലപാട്. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാ‍ർ എങ്ങനെയാണ് എഫ്.സി.ആ‍‍ർ.എ നിയമം ലംഘിച്ചതെന്ന് വ്യക്തമാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. റെഡ് ക്രസന്റും യൂണിടാകും തമ്മിലുള്ള ഇടപാടുകളിൽ സംസ്ഥാന സർക്കാരിന് ബന്ധം ഇല്ലെന്നാണ് ഇന്ന് സർക്കാർ കോടതിയിൽ പറഞ്ഞത്.

വടക്കാഞ്ചേരിയിലുള്ള സ്ഥലം ഏറ്റെടുത്ത് കൊടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്തത്. റെഡ് ക്രെസന്റാണ് യൂണിടാകിനെ നിയമിച്ചത്. സർക്കാർ ഭൂമി നൽകുക മാത്രമാണ് ചെയ്തത്. ഇക്കാര്യം ബാങ്ക് സ്റ്റേറ്റ്മെന്റിൽ വ്യക്തമാണ്. റെഡ് ക്രെസന്റ് നേരിട്ടാണ് യൂണിടാകിനും സെയ്ൻ വെഞ്ച്വേർസിനും പണം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് അഴിമതി നിരോധന നിയമം അനുസരിച്ചാണെന്നും സ‍ംസ്ഥാനം വാദിച്ചു.