നിര്‍ദേശം ലംഘിച്ച് പൊരിവെയിലത്ത് തൊഴിലെടുപ്പിക്കുന്നു
തലശ്ശേരി : നിര്‍ദേശം ലംഘിച്ച് പൊരിവെയിലത്ത് പണിയെടുപ്പിക്കല്‍ പലയിടത്തും. കഴിഞ്ഞദിവസങ്ങളില്‍ കുയ്യാലി റെയില്‍വേ ഗേറ്റിന് സമീപത്ത് തലയില്‍ തൊപ്പിയോ തുണിയോ ഇല്ലാതെയാണ് തൊഴിലാളികള്‍ പണിയെടുത്തത്. കെട്ടിടനിര്‍മാണവും റോഡുപണിയുമാണ് കൂടുതലായും വെയിലത്ത് നടക്കുന്നത്.
നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍നിന്ന് 12 മുതല്‍ മൂന്നുവരെ പണിനിര്‍ത്തിവെക്കാനാണ് നിര്‍ദേശം. കുയ്യാലിയില്‍ ഞായറാഴ്ച വെയിലത്ത് പണിയെടുപ്പിച്ചത് മറുനാടന്‍ തൊഴിലാളികളെയായിരുന്നു. അപകടകരമായ സാഹചര്യത്തില്‍ ഒരു സുരക്ഷാമുന്‍കരുതലുമില്ലാതെയായിരുന്നു പണി. തീവണ്ടി പോകുമ്ബോള്‍ റെയില്‍പ്പാളത്തിന് തൊട്ടുമുകളിലെ വൈദ്യുതത്തൂണിലായിരുന്നു രണ്ട് തൊഴിലാളികള്‍. തീവണ്ടി വരുന്നതിനായി ഗേറ്റ് അടച്ചശേഷമാണ് ഇവരെ തൂണിനുമുകളിലേക്ക് കയറ്റിയതും.
ജില്ലയില്‍ താപനില ഉയര്‍ന്നതിനാല്‍ നേരിട്ട് വെയിലേല്‍ക്കുന്ന സ്ഥലങ്ങളില്‍ പകല്‍ 12-നും മൂന്നുമണിക്കുമിടയില്‍ ജോലിസമയം ക്രമീകരിക്കാനാണ് നിര്‍ദേശം. പണി നേരത്തേ തുടങ്ങുകയും വൈകി അവസാനിപ്പിക്കുകയുമാകാം. അജ്ഞതമൂലമോ ചോദ്യംചെയ്താല്‍ പണിനഷ്ടമാകുമെന്ന ആശങ്കയിലോ ആണ് പലരും തൊഴിലുടമകളെ അനുസരിക്കുന്നത്. നിര്‍ദേശം ലംഘിച്ച തൊഴിലുടമകള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ തൊഴില്‍ വകുപ്പ് നോട്ടീസ് നല്കി. ഈമാസംവരെയാണ് നിര്‍ദേശം പാലിക്കേണ്ടത്. താപനിലയനുസരിച്ച് വരുംമാസങ്ങളിലും തൊഴില്‍ വകുപ്പിന്റെ നിര്‍ദേശം തുടരാം.