അടക്കാനാവാത്ത പ്രതിഷേധം; ഹാഥ്റസ് സംഭവത്തിലൊരു ഒറ്റക്കൊടി ജാഥ

0 726

അടക്കാനാവാത്ത പ്രതിഷേധം; ഹാഥ്റസ് സംഭവത്തിലൊരു ഒറ്റക്കൊടി ജാഥ

ഹാഥ്റസിൽ 19കാരിയായ ദളിത് യുവതി ക്രൂര പീഢനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലടക്കം രാജ്യത്ത് വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പെൺകുട്ടിയുടെ കുടുംബത്തെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു.

കേരളത്തിൽ കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് സിആർപിസി 114ാം വകുപ്പ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ശനിയാഴ്ച നിലവിൽ വന്നിരുന്നു. ഇതിനാൽ തന്നെ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹാഥ്റസ് വിഷയത്തിൽ ഒരു ഒറ്റയാൾ ജാഥ വിളിച്ചുപോവുന്ന ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നത്.

കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടും ചാലിൽ ആണ് ഈ പ്രകടനം നടന്നത്. കോൺഗ്രസ് പ്രാദേശിക നേതാവായ പി പി ദിനേശന്‍ ആണ് ഒറ്റയാൻ ജാഥ നടത്തിയത്. നിരവധി പേർ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കെപിഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗവും കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമാണ് ദിനേശൻ. കോവിഡ് ആയതുകൊണ്ടും 144 കൊണ്ടും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുള്ളതിനാലാണ് ഇത്തരത്തിൽ ഒറ്റക്ക് പ്രകടനം നടത്തിയതെന്ന് ദിനേശൻ മാസ്റ്റർ വ്യക്തമാക്കി. നിയന്ത്രണങ്ങളുണ്ടെങ്കിലും അതേസമയം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. ആരോടെങ്കിലും പറഞ്ഞാല്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ വരും. ഈ സാഹചര്യത്തിലാണ് ഒറ്റക്ക് കൊടിയുമായിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.