ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

0 686

ഹാഥ്റസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകനെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി

 

ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. മതവിദ്വേഷം വള‌‌‌ർത്തുന്ന ലഘുലേഖകൾ പിടിച്ചെടുത്തു എന്ന് ആരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്.

‘Am I India’s Daughter’ എന്ന് എഴുതിയ ലഘുലേഖ സിദ്ദിഖ് കാപ്പന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും പക്കൽ നിന്ന് പിടിച്ചെടുത്തു എന്നാണ് യുപി പൊലീസ് പറയുന്നത്. ഇതല്ലാതെ വേറെ ഏതെങ്കിലും രേഖ ഇവരുടെ പക്കൽ ഉണ്ടായിരുന്നോ എന്ന വിവരം യുപി പൊലീസ് നൽകുന്നില്ല.

കെയുഡബ്ല്യുജെയുടെ ദില്ലി ഘടകം സെക്രട്ടറി കൂടിയാണ് അറസ്റ്റിലായ സിദ്ദിഖ് കാപ്പൻ. അഴിമുഖം എന്ന വാർത്താവെബ്സൈറ്റിന്‍റെ പ്രതിനിധിയാണ്. സിദ്ദിഖിൻ്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തകയൂണിയൻ സുപ്രീംകോടതിയിൽ ഹേബിയസ് കോ‌ർപ്പസ് ഹർജി നൽകിയിരുന്നു. പുതിയ കുറ്റങ്ങളുടെ പശ്ചാത്തലത്തിൽ സിദ്ദിഖിന് ജാമ്യം കിട്ടുന്നത് ബുദ്ധിമുട്ടാണ്.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പൻ ജോലി ചെയ്തിരുന്നത്. ഹാഥ്റസ് സന്ദർശിക്കാൻ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മേഖലയിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മഥുര പൊലീസ്
ആദ്യം സിദ്ദിഖിനെതിരെ ചുമത്തിയിരുന്നത്. സിദ്ദിഖിനെ അറസ്റ്റിലായ ശേഷം ബന്ധപ്പെടാൻ പോലും സാധിക്കുന്നില്ലെന്ന്, കെയുഡബ്ല്യുജെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേകാര്യം ചൂണ്ടിക്കാട്ടി, കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ജോലി നിർവഹിക്കാൻ പോയ ഒരു മാധ്യമപ്രവർത്തകനെ റിപ്പോർട്ടിംഗിനിടെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നും, അടിയന്തരമായി സിദ്ദിഖിനെ വിട്ടയക്കണമെന്നും കെയുഡബ്ല്യുജെ കത്തിൽ ആവശ്യപ്പെട്ടിരുന്നു.