ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്ബുകടിയേറ്റ് മരിച്ചു

0 825

 

 


തൃപ്പൂണിത്തുറ: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന വീട്ടമ്മ തലയില്‍ പാമ്ബുകടിയേറ്റ് മരിച്ചു. പൂത്തോട്ട പുന്നയ്ക്കാ വെളിക്കു സമീപം നമ്ബ്യാര്‍കുളങ്ങരയില്‍ റിട്ട വില്ലേജ് ജീവനക്കാരന്‍ കൊച്ചു കുട്ടിയുടെ ഭാര്യ സെലീനയാണ് (65) മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

രോഗബാധിതനായ ഭര്‍ത്താവിന്റെ കട്ടിലിന് സമീപം നിലത്ത് പായ വിരിച്ച്‌ കിടന്ന സെലീന തലയില്‍ എന്തോ കടിച്ചതു പോലെ തോന്നിയപ്പോള്‍ അടുത്ത മുറിയിലുണ്ടായിരുന്ന മകളെ വിളിച്ചു. ഓടിയെത്തിയ മകള്‍ പാമ്ബ് മുറിയുടെ മൂലയിലേക്ക് ഇഴഞ്ഞു പോകുന്നത് കണ്ടതിനെ തുടര്‍ന്ന് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ സെലീനയെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീടിന് തൊട്ടടുത്തുള്ള പായല്‍ നിറഞ്ഞ കുളത്തില്‍ നിന്നാണ് പാമ്ബെത്തിയതെന്നാണ് നിഗമനം. നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടിന്റെ പാളികളില്ലാത്ത ജനാലയിലൂടെ പാമ്ബ് വീടിനകത്ത് കടന്നതാകാമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപവാസികള്‍ വീടിനകമാകെ തിരഞ്ഞെങ്കിലും പാമ്ബിനെ കണ്ടെത്താനായില്ല.