പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ നിയമം അടിയന്തിരമായി റദ്ദ് ചെയ്യുക: കിഫ

0 330

പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ (Kerala Private Forest Vesting & Assignment Act 1971, Amendment Bill 2023) നിയമം അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) രംഗത്ത്.

കിഫയുടെ കുറിപ്പിന്റെ പൂർണരൂപം

പട്ടയങ്ങളുടെ നിയമ സാധുത റദ്ദാക്കൽ (Kerala Private Forest Vesting & Assignment Act 1971, Amendment Bill 2023 : നിയമം അടിയന്തിരമായി റദ്ദ് ചെയ്യുക : കിഫ

കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അനുസരിച്ചു 1.1.1970 നു മുൻപ് കൈവശം വച്ച് കൃഷിചെയ്തിരുന്ന കൃഷിഭൂമികൾ ഭൂപരിഷ്കരണ നിയമത്തിലെ 72K വകുപ്പ് പ്രകാരം ലാൻഡ് ട്രിബുണലിൽ നിന്ന് ക്രയ സർട്ടിഫിക്കറ്റ് വഴി പതിച്ചു നൽകപ്പെട്ടിരുന്നു. കേരളത്തിലെ പതിനായിരക്കണക്കിന് കർഷകർക്ക് ഇത്തരം പട്ടയങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ പട്ടയങ്ങൾക്കു പരിപൂർണമായ നിയമസംരക്ഷണം ഭൂപരിഷ്കരണ നിയമത്തിലെ 72K വകുപ്പ് ഉറപ്പുനൽകിയിരുന്നു.

1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമം നിലവിൽ വന്നതിനു ശേഷം മുകളിൽ പറഞ്ഞ പ്രകാരം ഭൂപരിഷ്കരണ നിയമപ്രകാരം ഉടമസ്ഥാവകാശം പതിച്ചു കിട്ടിയ നിരവധി കർഷകർക്കെതിരെ അത് സ്വകാര്യ വനഭൂമി ആണെന്നും ആയതുകൊണ്ട് ലാൻഡ് ട്രിബുണൽ നൽകിയ പട്ടയങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള വനം വകുപ്പ് കേസുകൾ ഫയൽ ചെയ്തു തുടങ്ങി.

ഇത്തരം കേസുകളിൽ കർഷകരായ ഉടമകൾക്ക് ലാൻഡ് ട്രിബ്യുണലിൽ നിന്നും കിട്ടിയ ക്രയ സർട്ടിഫിക്കറ്റ് (പട്ടയം) ആധികാരികമായി ഉടമസ്ഥത തെളിയിക്കുന്ന രേഖയായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നു. 2019 ഇൽ ബഹുമാനപ്പെട്ട സുപ്രീം കോടതി കർഷകർക്ക് അനുകൂലമായി തീർപ്പാക്കിയ അത്തരമൊരു കേസിൽ ( State of Kerala Vs Mohammed Basheer, 2019, 2, SC 260) ലാൻഡ് ട്രിബ്യൂണൽ നൽകിയ സർട്ടിഫിക്കറ്റിൽ പെട്ട ഭൂമിയിൽ സ്വകാര്യ വന നിയമം അനുസരിച്ചുള്ള നടപടി നില നിൽക്കുകയില്ല എന്ന് ഉത്തരവായി.അത്തരം പട്ടയങ്ങൾക്കു ഭൂപരിഷ്കരണനിയമം 72K വകുപ്പിന്റെ സംരക്ഷണമുണ്ട് എന്നുള്ളതാണ് കാരണം.

2019 ഇൽ വന്ന ഈ വിധിയോട് കൂടി, കേരളത്തിലെ ഫോറെസ്റ് വകുപ്പിന് കൃഷിക്കാരെ ദ്രോഹിക്കാൻ ഉള്ള ഒരു വാതിൽ അടഞ്ഞു പോയതു കൊണ്ട് ,ആ വാതിൽ വീണ്ടും തുറക്കാനും പൂർവാധികം ശക്തിയോടുകൂടി കർഷകദ്രോഹം തുടരാനും , കേരളത്തിലെ മലയോര ജനതയെ കുടിയിറക്കിന്റെ മുൾമുനയിൽ നിർത്താനുമായി 72K വകുപ്പിന്റെ സംരക്ഷണം കർഷകർക്ക് കിട്ടരുത് എന്ന ഉദ്ദേശത്തിൽ ഭൂ പരിഷ്കരണ നിയമം 72K വകുപ്പിന്റെ സംരക്ഷണവും സഹായവും 1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് & അസൈൻമെന്റ്) നിയമത്തിലെ മൂന്നാം വകുപ്പ് 50വർഷത്തെ മുൻകാല പ്രാബല്യത്തോട് കൂടി ഭേദഗതി ചെയ്യുന്ന നിയമം ഈ കഴിഞ്ഞ നിയമ സഭ സമ്മേളനത്തിന്റെ അവസാന ദിവസം ബഹളത്തിനിടയിൽ ചർച്ച പോലും ചെയ്യാതെ പാസാക്കിയിരിക്കുന്നു.

LDF സർക്കാരിന്റെ ഈ കർഷക വിരുദ്ധ നിയമം അടിയന്തിരമായി പിൻവലിക്കുകയും കർഷകരുടെ പട്ടയ ഭൂമിക്കു നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന നിയമ സംരക്ഷണം തുടരുകയും ചെയ്യണമെന്ന് കിഫ ശക്തമായി ആവശ്യപ്പെടുന്നു

അലക്സ് ഒഴുകയിൽ
ചെയര്മാന്, കിഫ