ഉസാമ ബിന്‍ലാദനെ പിടികൂടാന്‍ യു.എസ്. രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി പാകിസ്താനിലെ ജയിലില്‍ നിരാഹാരത്തില്‍

0 92

 

 

ഇസ്‌ലാമാബാദ്: അല്‍ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ പിടികൂടാന്‍ യു.എസ്. രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എ.യെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി പാകിസ്താനിലെ ജയിലില്‍ നിരാഹാരത്തില്‍. 2011-ല്‍ അഫ്രീദി ആബട്ടാബാദ് മേഖലയില്‍ നടത്തിയ കുത്തിവെപ്പ്‌ പ്രചാരണ പരിപാടിയിലൂടെയാണ് ലാദന്റെ ഒളിത്താവളം യു.എസ്. കണ്ടെത്തുന്നതും തുടര്‍ന്ന് രഹസ്യ സൈനികനടപടിയിലൂടെ വധിക്കുന്നതും.

യു.എസ്. ഏജന്റുമാരെ സഹായിച്ച അഫ്രീദി വര്‍ഷങ്ങളായി പാകിസ്താനില്‍ തടവിലാണ്. തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്ന അനീതികള്‍ക്കുനേരെയാണ്‌ അഫ്രീദിയുടെ പ്രതിഷേധമെന്ന് സഹോദരന്‍ ജമീല്‍ അഫ്രീദിയും അഭിഭാഷകനും പറഞ്ഞു.

ഭീകരബന്ധമാരോപിച്ച്‌ 2012-ലാണ് പാകിസ്താന്‍ അഫ്രീദിക്ക് 33 വര്‍ഷം തടവുശിക്ഷ വിധിച്ച്‌ മധ്യ പഞ്ചാബിലെ ജയിലിലടച്ചത്. പിന്നീട് ശിക്ഷ 10 വര്‍ഷമായി കുറച്ചു. അഫ്രീദിയുടെ ശിക്ഷ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകരടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ലാദന്റെ വധം പാകിസ്താന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അഫ്രീദിക്ക് നിയമസഹായവും വിചാരണയുംവരെ നിഷേധിച്ചിരുന്ന പാക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിയിരുന്നു.