മെരുവമ്പായി എംയുപി സ്‌കൂളിന് പുതുതായി നിര്‍മിച്ച കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0 141

 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെരുവമ്പായി എംയുപി സ്‌കൂളിനായി പുതുതായി നിര്‍മിച്ച അബ്ദുല്ല മാസ്റ്റര്‍-ഹുസൈന്‍ മാസ്റ്റര്‍ സ്മാരക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 27 ഹൈടെക് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി കം റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് വ്യവസായ മന്ത്രി പറഞ്ഞു. പഠനം രാവിലെ നേരത്തേ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഹയര്‍സെക്കണ്ടറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്‍കാന്‍ ഇതുവഴി അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ നാലര ലക്ഷം കുട്ടികളാണ് പൊതുവിദ്യാലയങ്ങളില്‍ അധികമായി എത്തിയത്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്ന ഒരു കാലം നമുക്കിടയിലുണ്ടായിരുന്നു. എന്നാല്‍ വിദ്യാലയങ്ങളുടെ ഭൗതിക-അക്കാദമിക നിലവാരം ഉയര്‍ത്തി അവയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടതോടെ ആ കാഴ്ചപ്പാട് മാറി. മറ്റു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളില്‍ നിന്നുള്‍പ്പെടെ പൊതുവിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ കലാ-കായിക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. പഴയ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അധ്യയനവര്‍ഷം തുടങ്ങുന്നതിനു മുമ്പു തന്നെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളിലെത്തിക്കാന്‍ സാധിച്ചു. എട്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കി. ഉച്ചഭക്ഷണ വിതരണത്തിന്റെ സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനായി. യുപി സ്‌കൂളുകളില്‍ 1788 കലാ-കായിക-പ്രവൃത്തി പരിചയ അധ്യാപകരെ എസ്എസ്‌കെ വഴി നിയമിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. 7000 രൂപയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച ഇവരുടെ ശമ്പളം 14,000 രൂപയാക്കി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു.
പുതുതായി നിര്‍മിച്ച ലിഫ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും കമ്പ്യൂട്ടര്‍ ലാബ് ഡിഡിഇ ടി പി നിര്‍മലാദേവിയും ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കെ പ്രസീത ഉപഹാര സമര്‍പ്പണം നടത്തി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സന്ധ്യാലക്ഷ്മി, മട്ടന്നൂര്‍ എഇഒ എ പി അംബിക, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, സ്‌കൂള്‍ മാനേജര്‍ കെ കെ കദീസ്സ, സംഘാടക സമിതി ചെയര്‍മാന്‍ ഒ ഗംഗാധരന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍ എം മനോജ്, ഷഫീഖ് തോട്ടോന്‍, സി അബ്ദുള്‍ സമദ്, എ കെ അബ്ദുള്‍ ഖാദര്‍, സി കെ നൗഫല്‍ മാസ്റ്റര്‍, കെ മൊയ്തു മാസ്റ്റര്‍, സി ശാദില തുടങ്ങിയവര്‍ സംസാരിച്ചു.