‘ഉത്തര്‍പ്രദേശ് കേരളത്തെ പോലെയാകണം’; മുഖ്യന്ത്രിക്ക് പിന്നാലെ യോഗിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവും

0 892

ഉത്തര്‍പ്രദേശിനോട് കേരളത്തെ പോലെയാകാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുപി ജനത ബഹുസ്വരത, ഐക്യം, വികസനം എന്നിവ തെരഞ്ഞെടുക്കണം. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനിക്കുന്ന ഇന്ത്യക്കാരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വോട്ടർമാർക്ക് തെറ്റ് പറ്റിയാൽ യുപി കേരളത്തെ പോലെയാകുമെന്ന യോഗിയുടെ പരാമർശത്തിനാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

നേരത്ത സംസ്ഥാനത്തെ അവഹേളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. യോഗി ഭയക്കും പോലെ യുപി കേരളമായാൽ മതത്തിന്റെ പേരിൽ മനുഷ്യർ കൊല്ലപ്പെടില്ല. യുപിയിലെ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കും, ആരോഗ്യ മേഖലയുടെ നിലവാരം ഉയരും. സാമൂഹ്യ ക്ഷേമം ജീവിത നിലവാരം മെച്ചപ്പെടും. പ്രധാനമായി യോജിപ്പുള്ള സമൂഹം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമർശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നാണ് യോഗിയുടെ പരാമർശം. വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ്‌. നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.