തൃശ്ശൂർ നഗരഹൃദയത്തിലുള്ള (കേരളം, ഇന്ത്യ) ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ , ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ.
പുരാതനകാലത്ത് ഇത് ഒരു ബുദ്ധവിഹാരമായിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട് ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാ ണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നത്തെ രീതിയിൽ പുനർ നിർമ്മിക്കപ്പെട്ടത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാ ണ് സ്വരാജ് റൗണ്ട് എന്നറി യപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തെ ശ്രീമദ്ദക്ഷിണകൈലാസം എന്നാണ് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നത്
ഐതിഹ്യം
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയരെ കൂട്ടക്കൊല ചെയ്തതിന്റെ പ്രായശ്ചിത്തമായി പരശുരാമൻ തനിയ്ക്ക് ലഭിച്ച ഭൂമിയെല്ലാം ബ്രാഹ്മണർക്ക് ദാനം ചെയ്തു. അവിടങ്ങളിലെല്ലാം അദ്ദേഹം അവർക്ക് ആരാധന നടത്താൻ ക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. കൂട്ടത്തിൽ പ്രധാനപ്പെട്ടതാ യിരുന്നു അദ്ദേഹം തന്നെ മഴുവെറിഞ്ഞ് സൃഷ്ടിച്ച കേരളഭൂമി. കേരളത്തിലെ ബ്രാഹ്മണർക്ക് ആരാധന നടത്താനായി പരശുരാമൻ നൂറ്റെട്ട് ശിവക്ഷേത്രങ്ങളും നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളും അഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. അവയിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ ഉത്ഭവത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ഒരുദിവസം കൈലാസത്തിലെത്തിയ പരശുരാമൻ താൻ പുതുതായി നിർമ്മിച്ച ഭൂമിയെക്കുറിച്ച് ശിവഭഗവാനോട് സംസാരിയ്ക്കുകയും അവിടെ വാണരുളണമെന്ന് അഭ്യർത്ഥിയ്ക്കുകയും ചെയ്തു. എന്നാൽ ആദ്യം ശിവൻ വിസമ്മതിച്ചു. പിന്നീട് പാർവ്വതീദേ വി അഭ്യർത്ഥിച്ചപ്പോൾ മാത്രമാണ് ഭഗവാൻ സമ്മതം മൂളിയത്. ഉടനെത്തന്നെ ശിവപാർഷദന്മാരായ നന്തികേശ്വരൻ, സിംഹോദരൻ , ഭൃംഗീരടി തുടങ്ങിയവരും ശിവപുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും അടക്കം കൈലാസവാസികളെല്ലാവരും കൂടി ഭാർഗ്ഗ വഭൂമിയിലേയ്ക്ക് പുറപ്പെട്ടു. അവർ ഭാർഗ്ഗവഭൂമിയിൽ ഒരു സ്ഥലത്തെത്തിയപ്പോൾ പെട്ടെന്നൊരു സ്ഥലത്തുവച്ച് യാത്ര നിന്നു. അവിടെ ഒരു ഉഗ്രതേജസ്സ് കണ്ട പരശുരാമൻ പ്രതിഷ്ഠയ്ക്ക് ഏറ്റവും ഉചിതമായ സ്ഥലം അതുതന്നെയെന്ന് മനസ്സിലാക്കി. ഉടനെത്തന്നെ അദ്ദേഹം ശിവനോട് അവിടെ കുടികൊള്ള ണമെന്ന് അഭ്യർത്ഥിച്ചു. ശിവൻ ഉടനെത്തന്നെ പാർവ്വതീസമേതം അങ്ങോട്ട് എഴുന്നള്ളി. ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനോട് തന്റെ തെക്കുഭാഗത്തിരിയ്ക്കാൻ പറഞ്ഞ ശിവൻ സ്വയം ഒരു ജ്യോതി ർലിംഗമായി മാറി വടക്കുഭാഗത്ത് കുടികൊണ്ടു. അങ്ങനെയാണ് പ്രതിഷ്ഠയ്ക്ക് വടക്കുംനാഥൻ എന്ന പേരുണ്ടായത്. ക്ഷേത്രമതി ൽക്കെട്ടിനു പുറത്ത് വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു ആൽമരത്തിന്റെ തറയിലാണ് ഇത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഇന്ന് അവിടം ശ്രീമൂലസ്ഥാനം എന്നറിയപ്പെടുന്നു. ശ്രീമൂല സ്ഥാനത്ത് ഇന്നും ദിവസവും വിളക്കുവയ്പുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്തുനിന്നും ശൈവവൈഷ്ണവതേജസ്സുകളെ ആവാഹിച്ച് പരശുരാമൻ തന്നെ ഇന്നത്തെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. അതിനുശേഷം യഥാവിധി പൂജകൾ കഴിച്ച അദ്ദേഹം തുടർന്ന് ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയിൽ അന്തർദ്ധാനം ചെയ്തു. ഇന്നും അവിടെ പരശുരാമസ്മരണയിൽ ദീപപ്രതിഷ്ഠ നടത്തുന്നുണ്ട്.
ചരിത്രം
വടക്കുംനാഥക്ഷേത്രനിർമ്മാണം പന്തിരുകുലത്തിലെ പെരുന്തച്ചൻറെ കാലത്ത് നടന്നതാണെന്ന് പറയപ്പെടുന്നു. പെരുന്തച്ചൻറെ കാലം ഏഴാം നൂറ്റാണ്ടിലാകയാൽ ക്ഷേത്രത്തിനും കൂത്തമ്പ ലത്തിനും 1300 വർഷത്തെ പഴക്കം ഉണ്ടാകുമെന്ന് കരുതുന്നു. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ വടക്കുംനാഥക്ഷേത്രം ആദിദ്രാവിഡക്ഷേത്രമായ കാവുകളിൽ ഒന്നായിരുന്നു. പിന്നീട് ബുദ്ധ-ജൈന പാരമ്പര്യം നിലനിൽക്കുകയും അതിനുശേഷം ശൈവ-വൈഷ്ണവ സ്വാധീനത്തിലമരുകയും ചെയ്തു. എസ്.സി. ഭട്ടും ബാർഗവയും 36 വാല്യങ്ങളിലായി എഴുതിയ ചരിത്രഗ്രന്ഥത്തിൽ ഈ ക്ഷേത്രവും പറുവശ്ശേരി ദുർഗ്ഗശ്ശേരി ഭഗവതി ക്ഷേത്രവും കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രവും ആദ്യകാല ബുദ്ധചൈത്യങ്ങളായിരുന്നു എന്നു പറയുന്നു. പാറമേക്കാവ് ഭഗവതിയും ആദ്യകാലങ്ങളിൽ ഈ ക്ഷേത്രത്തിൽ തന്നെയായിരുന്നു പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. പഴക്കത്തിൽ കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, കൂടൽമാണിക്യം ക്ഷേത്രം എന്നിവയോളം വടക്കുംനാഥക്ഷേത്രത്തിനു പഴക്കമില്ല എന്നു ക്ഷേത്രസ്തോത്രമാല നിന്നും മനസ്സിലാവുന്നു
തൊഴേണ്ട രീതികൾ
ആദ്യം ശ്രീമൂലസ്ഥാനത്ത് തൊഴുക. രാവിലെയാണെങ്കിൽ അരയാലിന് ഏഴുവലം വയ്ക്കുന്നതും ഉത്തമം. തുടർന്ന് പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ വന്ദിയ്ക്കുക. തുടർന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ വന്ദിയ്ക്കുക. ഋഷഭൻ സദാ ധ്യാനനിമഗ്നനും നഗ്നനുമായതിനാൽ കൈകൊട്ടിത്തൊഴുത്, വസ്ത്രത്തിൽനിന്ന് ഒരു നൂലെടുത്ത് വേണം ദർശനം നടത്താൻ. തുടർന്ന് വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്ന് മണ്ഡപത്തിന് മുന്നിലെത്തി വടക്കുംനാഥനെ തൊഴുക. തുടർന്ന് മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്ദിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം മണ്ഡപത്തിന്റെ വടക്കുഭാഗത്തുകൂടെ വീണ്ടും ശ്രീകോവിലിന് മുന്നിലെത്തി വടക്കുംനാഥനെ വന്ദിയ്ക്കുക. തുടർന്ന് മണ്ഡപത്തിലിരുന്ന് നാമം ജപിയ്ക്കുന്ന ബ്രാഹ്മണരെയും വന്ദിച്ചശേഷം പാർവ്വതീ ദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് പോകുക. തുടർന്ന് തിരിച്ചുവന്ന് ഗണപതിയെ തൊഴുക. പിന്നെ ശങ്കരനാരായണനെയും ശ്രീരാമനെയും വന്ദിച്ചുകഴിഞ്ഞാൽ കിഴക്കോട്ട് തിരിഞ്ഞുനിന്ന് സൂര്യനമസ്കാരം നടത്തേണ്ടതുണ്ട്. ഈ രീതിയിൽ മൂന്നുതവണ പ്രദക്ഷിണം വച്ചശേഷം നാലമ്പലത്തിന് പുറത്ത് കടക്കുക.
തുടർന്ന് പ്രദക്ഷിണമായി വടക്കുകിഴക്കേമൂലയിലെത്തി പരശുരാമനെ വന്ദിച്ചശേഷം സിംഹോദരനെ തൊഴാനായി തെക്കുപടിഞ്ഞാറോട്ട് നടക്കുക. സിംഹോദരനെ തൊഴുതുകഴി ഞ്ഞാൽ ശ്രീകോവിലിന് വടക്കുപടിഞ്ഞാറുഭാഗത്ത് നാലമ്പലച്ചുവരിലെ ഒരു ദ്വാരത്തിലൂടെ വടക്കുംനാഥന്റെ താഴികക്കുടം കണ്ടുതൊഴുതുക. തുടർന്ന് അടുത്തുള്ള തറയിൽ കയറി വടക്കുകിഴക്കോട്ട് തിരിഞ്ഞ് കാശീവിശ്വനാഥനെ വന്ദിയ്ക്കുക. പിന്നീട് പ്രദക്ഷിണം വയ്ക്കു മ്പോൾ തെക്കുകിഴക്കേമൂലയിൽ ഒരു തറ കാണാം. അതിൽ കയറിനിന്ന് വടക്കുകി ഴക്കോട്ട് തിരിഞ്ഞ് ചിദംബരനടരാജനെയും തെക്കുകിഴക്കോട്ട് തിരിഞ്ഞ് രാമേശ്വരം രാമനാഥ സ്വാമിയെയും വന്ദിയ്ക്കുക. തുടർന്ന് തെക്കേ ഗോപുരത്തിനടുത്തുള്ള തറയിൽ കയറി നിന്ന് തെക്കോട്ട് തിരിഞ്ഞ് ഊരകത്തമ്മത്തിരുവടിയെയും കൂടൽമാണിക്യസ്വാമിയെയും അതിന് പടിഞ്ഞാറുള്ള ആൽത്തറയിൽ കയറിനിന്ന് തെക്കുപടിഞ്ഞാറോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂരമ്മ യെയും വടക്കോട്ട് തിരിഞ്ഞ് പ്രധാനശ്രീകോവിലുകളുടെ താഴികക്കുടങ്ങളെയും വന്ദിയ്ക്കുക. തുടർന്ന് വ്യാസശിലയിലെത്തി വേദവ്യാസമഹർഷിയെ വന്ദിച്ച് വിദ്യാരംഭമന്ത്രം കുറിച്ച് മരച്ചുവട്ടിലെ ദക്ഷിണാമൂർത്തിയെ തൊഴുതശേഷം പ്രദക്ഷിണമായി വന്ന് അയ്യപ്പനെ തൊഴുക. അയ്യപ്പനെ തൊഴുതുകഴിഞ്ഞാൽ തുടർന്ന് മൃതസഞ്ജീവനിത്തറയിലേയ്ക്ക് ചെല്ലുക. അവിടെ എന്നും പൂവുള്ള ഒരു ചെടിയുണ്ട്. അതിലെ പൂവെടുത്ത് തലയിൽ തൊട്ടാൽ പിന്നെ ഒരു വർഷത്തേയ്ക്ക് വീട്ടിൽ മരണം നടക്കില്ലെന്നാണ് വിശ്വാസം. ഇതേ തറയിൽ അദൃശ്യനായി വാഴുന്ന ഹനുമാൻ സ്വാമിയെ വന്ദിച്ച് വേട്ടേയ്ക്കരനെ തൊഴാൻ ചെല്ലുക. ശത്രുനാശത്തിന് വേട്ടേയ്ക്കരനെ തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. പിന്നെ അതിന് വടക്കുഭാഗ ത്തുള്ള നാഗത്തറയിലും ശംഖചക്രപ്രതിഷ്ഠയിലും തൊഴുതശേഷം ശങ്കരാചാര്യരെ വന്ദിയ്ക്കു ക. തുടർന്ന് ക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിലും തൊഴുത് പുറത്ത് കടക്കുക.
ഇങ്ങനെ ക്രമപ്രകാരം വന്ദിച്ചാൽ ദർശനം പൂർണമായി. 3 കിലോമീറ്ററാണ് മൊത്തം പ്രദക്ഷിണം. ക്ഷേത്രത്തിനുചുറ്റും സ്വരാജ് റൗണ്ട് പണിതിരിക്കുന്നു. പറ്റുമെങ്കിൽ നടുവിലാൽ, മണികണ്ഠ നാൽ ക്ഷേത്രങ്ങളിലും ദർശനം നടത്താവുന്നതാണ്.
Address: Swaraj Round N, Kuruppam, Thekkinkadu Maidan, Thrissur, Kerala 680001
Phone: 0487 242 6040