വളപട്ടണം പുഴയില്‍ മണല്‍ക്കൊള്ള വ്യാപകം

0 182

 

ഇരിട്ടി : മണലെടുപ്പിലൂടെ സര്‍ക്കാരിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ മണല്‍ക്കൊള്ളയിലൂടെ മണല്‍ ലോബികള്‍ കീശയിലാക്കുന്നു. പഴശ്ശി പദ്ധതിയോട് ചേര്‍ന്ന് വളപട്ടണം പുഴയില്‍നിന്നാണ് വന്‍തോതില്‍ മണലെടുപ്പ് നടക്കുന്നത്. മണല്‍ക്കൊള്ള തടയാന്‍ റവന്യൂ വകുപ്പിന്റെ ഭാഗത്തുനിന്നോ പോലീസിന്റെ ഭാഗത്തുനിന്നോ കാര്യമായ ഇടപെടലുകള്‍ ഇല്ല.

മണല്‍വാരാനായി ഒളിപ്പിച്ച്‌ സൂക്ഷിക്കുന്ന ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനോ രാത്രി വാഹനപരിശോധനക്കോ നടപടിയില്ലാത്തത് മണല്‍ലോബികള്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തിലാകുന്നു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെയാണ് മണല്‍വാരല്‍ ശക്തമായത്.

 

പ്രളയത്തെത്തുടര്‍ന്ന് പുഴയില്‍ അടിഞ്ഞ മേല്‍മണല്‍ വാരാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പുഴയോരങ്ങളിലുള്ള നിരവധി പഞ്ചായത്തുകളും പഴശ്ശി ജലസേചന വിഭാഗവും സര്‍ക്കാരില്‍നിന്ന്‌ അനുമതി തേടിയെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. റവന്യൂ വിഭാഗത്തിന്റെയും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെയും നേതൃത്വത്തില്‍ പുഴയോരങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അടിഞ്ഞ മണലിന്റെ കണക്കെടുത്തതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടായില്ല.

വെളിയമ്ബ്ര പൂക്കുണ്ട് ഭാഗത്താണ് വന്‍തോതില്‍ മണല്‍ക്കൊള്ള നടക്കുന്നത്. കഴിഞ്ഞദിവസം ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ വന്‍ മണല്‍ശേഖരം പിടികൂടിയെങ്കിലും പോലീസിന്റെയോ റവന്യൂ വകുപ്പിന്റെയോ ഭാഗത്തുനിന്ന്‌ കാര്യമായ പിന്‍തുണ ലഭിച്ചില്ലെന്ന് പരാതിയുണ്ട്. ഒടുവില്‍ തഹസില്‍ദാര്‍ ഇടപെട്ട് മണല്‍ നിര്‍മിതികേന്ദ്രയ്ക്ക് കൈമാറുകയായിരുന്നു.

പദ്ധതിപ്രദേശത്തെ മണല്‍ ഇ-മണല്‍ വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് വാരിപ്പിക്കലായിരുന്നു മുന്‍കാലങ്ങളില്‍ നടത്തിയിരുന്നത്. എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതും നിലച്ചിരിക്കുകയാണ്. പ്രളയത്തില്‍ അടിഞ്ഞ മണലില്‍ ഭൂരിഭാഗവും കടത്തിക്കൊണ്ടുപോയിട്ടും മട്ടന്നൂര്‍, ഇരിക്കൂര്‍ ഉള്‍പ്പെടെ ഒരു പോലീസ് സ്റ്റേഷനിലും ഒരു കേസുപോലും രജിസ്റ്റര്‍ചെയ്തിട്ടില്ല.