പക്ഷിപ്പനി: 10 കിലോമീറ്ററില്‍ ജാഗ്രത; വളര്‍ത്തുപക്ഷികളെ നാളെമുതല്‍ കൊന്നൊടുക്കും

0 278

 

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂരിലും വേങ്ങേരിയിലും വളർത്തു പക്ഷികളെ മുഴുവൻ ഞായറാഴ്ച മുതൽ കൊന്നൊടുക്കും. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കളക്ടറേറ്റിൽ ചേർന്ന പ്രത്യക യോഗത്തിലാണ് തീരുമാനം.

പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലെ മുഴുവൻ വളർത്തു പക്ഷികളെയുമാണ് നശിപ്പിക്കുക. ഇതിനുപുറമെ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ ജാഗ്രത പ്രഖ്യാപിച്ചു. ഈ പരിധിയിലുള്ള കോഴിക്കടകളും ഫാമുകളും അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് അഞ്ച് അംഗങ്ങളുള്ള ഇരുപത്തിയഞ്ച് ടീമുകൾ സജ്ജമായി. എല്ലാ വളർത്തു പക്ഷികളെയും കൊല്ലും. മരത്തിലുള്ള കൂടുകളും മുട്ടകളും നശിപ്പിക്കുമെന്നും യോഗത്തിന് ശേഷം ബന്ധപ്പെട്ടവർ പറഞ്ഞു.
വെസ്റ്റ് കൊടിയത്തൂരിൽ കോഴിഫാമിലും വേങ്ങേരിയിലെ വീട്ടിലുമാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കൊടിയത്തൂരിലെ പുതിയോട്ടിൽ സെറീന, മജീദ് എന്നിവർ നടത്തിയിരുന്ന പുതിയോട്ടിൽ ഫാമിലെ 2,000 കോഴികളാണ് രോഗത്തെ തുടർന്ന് ചത്തത്. വേങ്ങേരിക്ക് അടുത്തുള്ള തടമ്പാട്ട് താഴത്തുള്ള വേണുവിന്റെ കോഴികളിലാണ് രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.