വാളയാറിലെ സഹോദരിമാരുടെ മരണം: വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി

0 220

 

കൊച്ചി: വാളയാറിലെ സഹോദരിമാരായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കീഴ്ക്കോടതി വെറുതെവിട്ട ആറ് പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികളെ വെറുതെവിട്ടതിനെതിരേ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്.

 

അറസ്റ്റ് ചെയ്ത് പ്രതികളെ വിചാരണ കോടതിയിൽ ഹാജരാക്കണമെന്നും, ജാമ്യത്തിൽ വിടണമെന്നുമാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. പാലക്കാട് ജില്ലാ പോക്സോ കോടതിയാണ് കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്. എന്നാൽ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചയാണ് ഇതിനുകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയർന്നിരുന്നു. പെൺകുട്ടികളുടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. പെൺകുട്ടികളുടെ മാതാപിതാക്കളും ഇതേ കാര്യം ഉന്നയിച്ച് അപ്പീൽ നൽകിയിരുന്നു
2017 ജനുവരിയിൽ 13 വയസ്സുകാരിയെയും, മാർച്ചിൽ ഒമ്പതുവയസ്സുകാരിയെയും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. പെൺകുട്ടികളുടെ മരണത്തിൽ പിന്നീട് പ്രതിഷേധങ്ങൾ വ്യാപകമായതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ പിന്നീട് വെറുതെവിടുകയായിരുന്നു.