വള്ളിത്തോട് ആനപ്പന്തിക്കവല – മുടയരഞ്ഞി -ചരൾ – പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് ടാറിംഗ് നടന്ന് അടുത്ത ദിവസം തകർന്നു -അഴിമതി ആരോപണവുമായി ജനങ്ങൾ

0 417

വള്ളിത്തോട് ആനപ്പന്തിക്കവല – മുടയരഞ്ഞി -ചരൾ – പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് ടാറിംഗ് നടന്ന് അടുത്ത ദിവസം തകർന്നു — അഴിമതി ആരോപണവുമായി ജനങ്ങൾ

ഇരിട്ടി : വള്ളിത്തോട് ആനപ്പന്തിക്കവല – മുടയരഞ്ഞി – ചരൾ – പുല്ലമ്പാറത്തട്ട് പൊതുമരാമത്ത് റോഡ് മെക്കാഡം ടാറിംഗ് നടന്ന് അടുത്ത ദിവസം തന്നെ തകർന്നു. റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി ജനങ്ങൾ ആരോപിച്ചു.
5.8 കിലോമീറ്റർ നീളം വരുന്ന റോഡ് നിർമ്മിക്കാൻ 5. 4 കോടി രൂപയാണ് ചിലവ്. മുൻപ് 3. 8 മീറ്റർ വീതിയിൽ ഉണ്ടായിരുന്ന റോഡ് അഞ്ചര മീറ്ററാക്കിയാണ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്. ചരൾ മേഖലയിൽ ആദ്യഘട്ട ടാറിംഗ് എന്ന നിലയിൽ രണ്ടു കിലോമീറ്റർ റോഡാണ് ബിറ്റുമീൻ മെക്കാഡം നടത്തിയത്. 28, 29 , 30 തീയതികളിലാണ് പ്രവർത്തി നടന്നതെങ്കിലും 31 ന് തന്നെ ടാറിംഗ് മുഴുവൻ ഇളകി കരിങ്കൽ ജില്ലികൾ വാരി എടുക്കാവുന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഈ ഭാഗത്തെ ഇളകിക്കിടക്കുന്ന കരിങ്കൽ ജില്ലികൾ ജോലിക്കാരെ നിർത്തി വാരിക്കൂട്ടുകയാണ് ചെയ്യുന്നത്. റോഡിൽ പാർശ്വ ഭിത്തികളോ വെള്ളം ഒഴുകിപ്പോകാനായി ആവശ്യമുള്ളിടത്ത് കലുങ്കുകളോ പണിതിട്ടില്ല. മുടയരഞ്ഞി ഭാഗത്ത് റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിനായി കലുങ്ക് മണ്ണിട്ട് മൂടിയിരുന്നു. ഇത് പുനർ നിർമ്മിക്കാത്തതും മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കുമെന്നും ജനങ്ങൾ പറയുന്നു.
റോഡ് പണിയിലെ അപാകതയെക്കുറിച്ച് ജനങ്ങളിൽ നിന്നും പരാതി ഉയർന്നതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സെബാസ്ററ്യന്റെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചെങ്കിലും പൊതുമരാമത്തു വകുപ്പ് എ ഇ അതിൽ പങ്കെടുത്തില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. റോഡ് പൊളിഞ്ഞു എന്നത് സത്യമാണെന്നും എന്താണ് അപാകത ഉണ്ടായതെന്ന് അവർ വ്യക്തമാക്കിയിട്ടില്ലെന്നും തുടർ പ്രവർത്തികൾ പുതുതായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയുടെ നിരീക്ഷണത്തിൽ നടത്തുമെന്നും പ്രസിഡന്റ് അറിയിച്ചു.
മെക്കാഡം ടാറിങ്ങിന്റെ ആദ്യ ഘട്ടമാണ് തുടങ്ങിയതെന്നും ടാറിംഗ് കഴിഞ്ഞ ഉടനെ മഴ തുടങ്ങുകയും ലോഡ് കയറ്റിയ ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരവധി കടന്നു പോയതുമാണ് പ്രശ്നത്തിനിടയാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് എ ഇ പി. സനില പറഞ്ഞു. ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ വാഹനങ്ങൾ ഉണ്ടാവില്ല എന്ന് കരുതി റോഡ് അടച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽ പെട്ട ഉടനെത്തന്നെ കരാറുകാരനോട് ടാറിങ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള പ്രശ്നം പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രമേ രണ്ടാം ഘട്ട ടാറിംഗ് പുനരാരംഭിക്കൂ വെന്നും എ ഇ അറിയിച്ചു.