വള്ളിയൂര്‍ക്കാവ് മഹോത്സവം: പൂര്‍ണ്ണമായും ഹരിത പെരുമാറ്റചട്ടം പാലിക്കുമെന്ന് അധികൃതര്‍

0 571

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവം പൂര്‍ണ്ണമായും ഹരിത പെരുമാറ്റചട്ടം പാലിച്ച് നടത്തപ്പെടുമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റിയും ഭരണ സമിതിയും ഉത്സവാഘോഷ കമ്മറ്റിയും ദേവസ്വം ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15 ന് തുടങ്ങിയ ഉത്സവം അവസാനിക്കുന്നത് വരെ വള്ളിയൂര്‍ക്കാവ് പ്രദേശത്ത് ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെ സേവനം ഉറപ്പ് വരുത്തും.

നഗരസഭാ ശുചീകരണ ജീവനക്കാര്‍ക്ക് പുറമെ പത്ത് തൊഴിലാളികളെ കൂടി താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചിട്ടുണ്ടെന്നും എല്ലാ മേഖലയിലും ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി നടപ്പാക്കുകയും ചെയ്യും.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ ഗ്ലാസുകള്‍ എന്നിവ പൂര്‍ണ്ണമായും നിരോധിക്കും. ഉത്സവാഘോഷ നഗരിയില്‍ പൊടിശല്യം കുറക്കാനായി ദിവസം രണ്ട് നേരം വെള്ളം നനക്കും.പ്രദേശം മുഴുവന്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്നായി ബോക്‌സുകള്‍ സ്ഥാപിക്കും.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടോയ്‌ലറ്റ് ബ്ലോക്ക് പ്രവര്‍ത്തന സജ്ജമാക്കി കൊണ്ട് പ്രത്യേക സൗകര്യമൊരുക്കും.ശുചിത്വം ഉറപ്പാക്കാനായി മൂന്ന് ലക്ഷം രൂപ ചിലവില്‍ ആധുനിക രീതിയിലുള്ള ആറ് റെഡിമെയ്ഡ് ശൗചാലയങ്ങള്‍ വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ,വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്.മൂസ്സ, ഫാത്തിമ ടീച്ചര്‍, ലേഖ രാജീവന്‍, കൗണ്‍സിലര്‍മാരായ പി.വി.ജോര്‍ജ്, കെ.സി.സുനില്‍കുമാര്‍, ജെ.എച്ച്.ഐ.കെ.എം.പ്രസാദ്, ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികളായ എ.എം.നിഷാന്ത്, ഏച്ചോം ഗോപി ,സന്തോഷ് ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.