തൃക്കാക്കര വാമനമൂർത്തിക്ഷേത്രം- THRIKKAKARA VAMANAMOORTHY TEMPLE

THRIKKAKARA VAMANAMOORTHY TEMPLE ERNAKULAM

0 197

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണത്തിലുള്ള ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്.

ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണ വഭക്തകവിക ളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യ ദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

പേരിനു പിന്നിൽ

തൃക്കാക്കര എന്ന സ്ഥലനാമം “തിരുകാൽക്കരൈ”യുടെ ചുരുക്കപേരാണ്. ക്ഷേത്രനിർമ്മാണത്തോ ടെയാകണം തിരു(തൃ) വിശേഷണം സ്ഥലപേരിന്റെ മുമ്പിൽ വന്നുചേർന്നത്. കാൽകരൈ നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെ ന്നതിനാൽ ആവാം തിരുകാൽക്കര എന്ന പേർ ലഭിച്ചത് എന്നും പറയുന്നു.

ഐതിഹ്യം

ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധികാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. എന്നാൽ തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാ നഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെ ത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാ മത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി. എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ  കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിന തപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിന തപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് ‘തിരുക്കാ ൽക്കര’ എന്ന പേര് ഈ സ്ഥലത്തിന് വന്നത്. അത്തരത്തിൽ നോക്കുമ്പോൾ മഹാബലിയുടെ ആസ്ഥാ നം ഇവിടെയായിരുന്നുവെന്ന് ഉറപ്പിയ്ക്കാം. കപില മഹർഷിയെക്കൂടാ തെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.

ചരിത്രം

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തി നുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് കഥയുണ്ട് . മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാ ളിന്റെ രാജ്യാതി ർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാ ക്കരക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തി വന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേ ശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

ക്ഷേത്രത്തിൽ ധാരാളം ശിലാലിഖിതങ്ങൾ കാണാം. ഇവയിൽ നിന്നാണ് ഓണത്തിന്റെ ഉദ്ഭവത്തെ ക്കുറിച്ചും മറ്റും നമുക്ക് അറിയാൻ കഴിയുന്നത്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളെ കാണാൻ പ്രദേശത്തെ നാടുവാഴികൾ ഒന്നിച്ചുകൂടിയിരുന്ന അവസരമായാണ് അവയിൽ നമുക്ക് ഓണത്തെ കാണാൻ കഴിയുന്നത്. പഴയ കാലത്ത്  കർക്കടക മാസ ത്തിലെ തിരുവോണം തൊട്ട് ചിങ്ങമാസത്തിലെ തിരുവോണം വരെയാണ് തൃക്കാക്കരയിൽ ഉത്സവം ആഘോഷിച്ചിരുന്നത്. അതിനാൽ ഇതേ സമയം തന്നെയാണ് ഓണവും കൊണ്ടാടിയിരുന്നത്. 28 ദിവസവും വിവിധ വലിപ്പത്തിലുള്ള പൂക്കളങ്ങളിട്ട് കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പനെ നിർ മ്മിച്ച് പൂജിച്ചുകൊണ്ടാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ആചാരങ്ങൾ അതേ പ്പടി തുടർന്നെങ്കിലും ഉത്സവം ചിങ്ങമാസത്തിലെ അത്തം തൊട്ട് 10 ദിവസമായി കുറഞ്ഞു. അങ്ങനെ യാണ് അത്തത്തിന് പൂക്കളമിടാൻ തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണ വഭക്തകവി യായിരുന്ന  നമ്മാഴ്വാർ തൃക്കാ ക്കരയപ്പനെക്കുറിച്ച് രണ്ട് പാസുര ങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ ‘കാൽക്കരൈ’ എന്നും ഭഗവാനെ ‘കാൽക്കരയപ്പപ്പെരുമാൾ’ എന്നും ലക്ഷ്മീദേവിയെ ‘പെരുംശെൽവ നായകി’ എന്നും ‘വാത്സല്യ വല്ലി’ എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്. ക്ഷേത്രത്തെ അദ്ദേഹം ‘കൊടിമതിൽ’ എന്നും വിശേഷിപ്പിച്ചു.

പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്ര ത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാ ർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കിയുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ  തിരുവി താംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയാണ്  ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരു വിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. 1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നില യ്ക്കാത്ത പ്രവാഹമായി. അങ്ങനെ ഗതകാലപ്രൗഢിയിലേയ്ക്ക് ക്ഷേത്രം അതിവേഗം കുതിച്ചു കൊണ്ടിരി യ്ക്കുന്നു. ഇന്ന് ഇവിടെ യുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത് . തൃപ്പൂണി ത്തുറയിൽ നടന്നുവരുന്ന അത്തച്ചമയത്തിന് കൊടികൊണ്ടുപോകുന്നത് തൃക്കാക്കര ക്ഷേത്രത്തിൽ നിന്നാണ്.കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി തൃക്കാക്കര ക്ഷേത്രത്തിന്റെ ചരിത്രത്തിലൊരിയ്ക്കലും നമ്പൂതിരിമാരുടെ സ്വാധീനമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കൊച്ചിയും പരിസരപ്രദേശങ്ങളും അടക്കിഭരിച്ചിരുന്ന പ്രശസ്ത ബ്രാഹ്മണ രാജകുടുംബമായ ഇടപ്പള്ളി സ്വരൂപത്തിനുപോലും ക്ഷേത്രത്തിന്മേൽ അവകാശം സ്ഥാപിയ്ക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, പിന്നീട് ഇടപ്പള്ളി തമ്പുരാൻ ഇവിടത്തെ ശാന്തിക്കാരനായി മാറുകയും ശാന്തിക്കാരനെ നിയമിയ്ക്കാനുള്ള അവകാശം നേടുകയും ചെയ്തു. 1949 വരെ ഈ സ്ഥിതി തുടർന്നു. ഇപ്പോൾ ദേവസ്വം ബോർഡാണ് ശാന്തി നിയമനങ്ങൾ നടത്തുന്നത്.

പ്രധാന ഉത്സവങ്ങൾ

തിരുവോണ മഹോത്സവം

ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ചിങ്ങമാസത്തിൽ അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന തിരുവോണ മഹോത്സവമാണ്. ആദ്യകാലത്ത് കർക്കടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ 28 ദിവസം ഉത്സവമുണ്ടായിരുന്നു! പിന്നീട് ചിങ്ങമാസത്തിലെ അത്തം കൊടിയേറിയുള്ള ഉത്സവമായി ചുരുങ്ങി. ഇന്നും ഇത് അതേപോലെ ആചരിച്ചുവരുന്നു. ഉത്സവത്തോടനുബന്ധിച്ച് കൊടിയേറ്റത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വിവിധ ശുദ്ധിക്രിയകൾ നടത്തുന്നുണ്ട്. അത്തം നാളിൽ ഒരു നിശ്ചിതമുഹൂർത്തത്തിൽ ഗരുഡാങ്കി തമായ ചെമ്പുകൊടിമരത്തിൽ കൊടിയുയർത്തുന്നതോടെ ഉത്സവം തുടങ്ങുന്നു. തൃപ്പൂണിത്തുറയിൽ ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടിയാണ് ‘അത്തച്ചമയം’. ഇതിനുള്ള കൊടി കൊണ്ടുവരു ന്നതും തൃക്കാക്കരയിൽ നിന്നാണ്. പണ്ടുകാലത്ത് കൊച്ചി മഹാരാജാവ്  തൃപ്പൂണിത്തുറയിൽ നിന്ന് എല്ലാ അലങ്കാരങ്ങളോടും കൂടി എഴുന്നള്ളി തൃക്കാക്കരയിലെത്തി കൊടി വാങ്ങിപ്പോകുന്ന പരി പാടിയുണ്ടായിരുന്നു.

കൊടിയേറ്റം കഴിഞ്ഞുള്ള പത്തുദിവസം തൃക്കാക്കര താന്ത്രികച്ചടങ്ങുകൾക്കും കലാപരി പാടി കൾക്കും വേദിയാകും. വിശേഷാൽ ശീവേലി (ശ്രീഭൂതബലി), ദശാവതാരച്ചാർത്ത്, പൂക്കളമിടൽ എന്നിവയാണ് ഇവയിൽ പ്രധാനം. ഉത്സവക്കാലത്ത് പത്തുദിവസവും ക്ഷേത്രത്തിൽ ശ്രീഭൂതബ ലിയുണ്ടാകും. നിത്യശീവേലിയുടെ വിപുലീകരിച്ച രൂപമാണ് ശ്രീഭൂതബലി. രാവിലെയാണ് ഇത് നടത്തുക. ക്ഷേത്രത്തിലെ ദശാവതാരച്ചാർത്ത് വളരെ വിശേഷപ്പെട്ട ഒരു ചടങ്ങാണ്. പത്തുദിവസ ങ്ങളിൽ വിഗ്രഹത്തിൽ ഭഗവാന്റെ പത്ത് അവതാരങ്ങളുടെ രൂപത്തിൽ ചന്ദനം ചാർത്തുന്നതാണ് ഈ ചടങ്ങ്. ഓരോ ദിവസവും  മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ , ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നീ രൂപങ്ങളിൽ ഭഗവാന് ചന്ദനം ചാർത്തുന്നു. ഇവയിൽ അഞ്ചാം നാളിലെ വാമനദർശനം വളരെ പ്രധാനപ്പെട്ടതാണ്. കൂടാതെ അവസാന നാളിൽ കൽക്കിദർശനം കഴിഞ്ഞാൽ വാമനന്റെ മറ്റൊരു രൂപമായ ത്രിവിക്രമന്റെ രൂപത്തിലും ചന്ദനം ചാർത്തുന്നുണ്ട്. ക്ഷേത്രനടയിൽ പത്തുദിവസവും പൂക്കളമിടും. കൊടിമരച്ചുവട്ടിൽ പ്രത്യേകം സ്ഥലത്ത് ചാണകം മെഴുകി അതിന്മേൽ പല വർണ്ണങ്ങളിലുള്ള പൂക്കളിട്ടുകൊണ്ടാണ് ചടങ്ങ് നടത്തുന്നത്. ഓരോ ദിവസവും പൂക്കളത്തിന്റെ വലിപ്പം കൂട്ടിക്കൂട്ടിക്കൊണ്ടുവരും. തിരുവോണം നാളിൽ വലിയ പൂക്കളമായിരിയ്ക്കും ഉണ്ടാകുക. ശിവക്ഷേത്രനടയിലും ഈ ദിവസങ്ങളിൽ വിശേഷാൽ ചടങ്ങുകളുണ്ടാകും.

ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ ധാരാളം കലാപരിപാടി കളുമുണ്ടാകും . ചാക്യാർക്കൂത്ത്, കഥകളി, ഓട്ടൻ തുള്ളൽ, പാഠകം  എന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. കൂടാതെ ശാസ്ത്രീയ സംഗീതം, നൃത്തനൃത്യങ്ങൾ, മിമിക്രി, കഥാപ്രസംഗം തുടങ്ങിയവയും ഭംഗിയായി നടത്താറുണ്ട്. ക്ഷേത്രപ്രദക്ഷിണവഴിയിൽ തെക്കുകിഴക്കേ മൂലയിലുള്ള സ്റ്റേജിലാണ് പരിപാടികൾ നടത്താ റുള്ളത്.

പൂരാടം നാളിലാണ് ഉത്സവത്തിനിടയിലെ പ്രധാന ചടങ്ങുകളി ലൊന്നായ ഉത്സവബലി നടത്തുന്നത്. നിത്യേന നടക്കുന്ന ശീവേലിയുടെയും ശ്രീഭൂതബലിയുടെയും വിസ്തരിച്ച രൂപമാണ് ഉത്സവബലി. മരപ്പാണി കൊട്ടിക്കൊണ്ടാണ് ഇത് നടത്തുന്നത്. ഉത്രാടം നാളിലെ പകൽപ്പൂരവും വിശേഷച്ചട ങ്ങാണ്. പിറ്റേന്ന് നടക്കുന്ന വലിയ പൂരത്തിന്റെ ഒരു ചെറുപതിപ്പ് എന്ന രീതിയിലാണ് ഇത് നടത്തുന്നത്. ഒമ്പത് ഗജവീരന്മാരെ അണിനിരത്തിയുള്ള ഈ പരിപാടി വളരെ ശ്രദ്ധേയമാണ്. ഇതിനോടനുബന്ധിച്ച് തൃക്കാക്കരയപ്പന് തിരുമുൽക്കാഴ്ച സമർപ്പിയ്ക്കുന്നതും പ്രധാനമാണ്. അന്ന് രാത്രിയാണ് പള്ളിവേട്ട. ഭഗവാൻ ക്ഷേത്രത്തിന് സമീപമുള്ള പറമ്പിൽ പോയി ഒരു കിടങ്ങിൽ അമ്പെയ്ത് തീർക്കുന്നതാണ് ഈ ചടങ്ങ്. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാൻ തിരിച്ചെഴുന്നള്ളുന്നു. പള്ളിവേട്ട കഴിഞ്ഞ് ക്ഷീണിച്ച ഭഗവാൻ പിറ്റേന്ന് രാവിലെ വളരെ വൈകി ഉണരുന്നു. അന്നാണ് വാമനന്റെ ജന്മനാൾ കൂടിയായ തിരുവോണം. രാവിലെ എല്ലാ താന്ത്രിക ച്ചടങ്ങുകൾക്കും ശേഷം മഹാബലിയെ ആനയിച്ചുകൊണ്ടുവരുന്ന പരിപാടി നടത്തുന്നു. ശിവ ക്ഷേത്രനട യിലാണ് ഈ ചടങ്ങുകളെല്ലാം നടത്തുന്നത്. അന്ന് രാത്രിയാണ് ആറാട്ട്. ഭഗവാൻ ഒമ്പത് ആനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനും നഗരത്തിനും ചുറ്റും പ്രദക്ഷിണം വച്ച് രാത്രി ഒമ്പതു മണിയോടെ ക്ഷേത്രക്കുളത്തിലെത്തുന്നു. വിശേഷാൽ പഞ്ചവാദ്യത്തോടെയാണ് എഴു ന്നള്ളത്ത്. പുരാണകഥകളിലെ രംഗങ്ങൾ കോർത്തിണക്കിയ നിശ്ചലദൃശ്യങ്ങൾ അകമ്പടിയായുണ്ടാകും. ആറാട്ടുകടവി ലെത്തുന്നതോടെ വിഗ്രഹം ആറാട്ടുകടവിലേയ്ക്ക് ഇറക്കിവ യ്ക്കുന്നു. തുടർന്ന് തന്ത്രി സകല തീർത്ഥങ്ങളെയും ക്ഷേത്രക്കുളത്തിലേയ്ക്ക് ആവാഹിയ്ക്കുന്നു. അതിനുശേഷം തന്ത്രിയും ശാന്തിക്കാരും വിഗ്രഹം കയ്യിലേന്തി മൂന്നുതവണ മുങ്ങിനിവരുന്നു. പിന്നീട് വിഗ്രഹ ത്തിൽ മഞ്ഞളും ഇളനീരും അഭിഷേകം ചെയ്തശേഷം വിഗ്രഹവുമായി വീണ്ടും മൂന്നുതവണ മുങ്ങിനിവരുന്നു. ഭഗവാന്റെ സാന്നിദ്ധ്യം കൊണ്ട് പവിത്രമായ കുളത്തിൽ നിരവധി ഭക്തരും മുങ്ങിനിവരുന്നു. തുടർന്ന് എല്ലാവരും വസ്ത്രം മാറി തിരിച്ചെഴുന്നള്ളത്ത് നടത്തുന്നു. വഴിയിലുള്ള ഭക്തർ ഭഗവാനെ നിറപറയും നിലവിളക്കും കൊണ്ട് സ്വീകരിയ്ക്കുന്നു. തുടർന്ന് ക്ഷേത്രത്തിൽ മടങ്ങിയെത്തിയ ശേഷം ഏഴുതവണ ക്ഷേത്രത്തിനുചുറ്റും പ്രദക്ഷിണം വച്ച് കൊടിമരത്തിൽ നിന്ന് കൊടിയിറക്കുന്നു.

ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തി ലെത്തുന്നവർക്ക് വിഭവസമൃദ്ധമായ സദ്യ നൽകാറുണ്ട്. ക്ഷേത്രം വക ഓഡിറ്റോറിയത്തിലാണ് സദ്യ നടത്തുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന ഒരു കാലത്തിന്റെ ഓർമ്മ പുതുക്കലായി ഈ ചടങ്ങ് നിലനിൽക്കുന്നു. ഈ ദിവസങ്ങളിൽ തന്നെയാണ് ക്ഷേത്രത്തിലെ വെടിക്കെട്ടും നടക്കുന്നത്.

ശിവരാത്രി

ശിവക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് കുംഭമാസത്തിൽ കറുത്ത ചതുർദ്ദശി ദിവസം നടത്ത പ്പെടുന്ന  ശിവരാത്രി. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും കലാപരിപാടി കളുമു ണ്ടാകും. ശിവരാത്രി നാളിലെ പ്രധാന ചടങ്ങ് അഭിഷേകമാണ്. ഭക്തർ കൊണ്ടുവരുന്ന അഭിഷേക ദ്രവ്യങ്ങൾ ശിവലിംഗത്തിൽ തുടരേ അഭിഷേകം ചെയ്യുന്നു. അന്ന് രാത്രി ക്ഷേത്രനടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. നിരവധി ഭക്തർ ഇത് തൊഴാൻ ഉറക്കമൊഴിഞ്ഞ് ക്ഷേത്രത്തിലുണ്ടാകാറുണ്ട്.