വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്

0 483

വന്ദേ ഭാരത് രണ്ടാം ഘട്ടം; ഒമാനില്‍ നിന്ന് 10 സര്‍വ്വീസുകള്‍, ആദ്യ വിമാനം ഇന്ന്

മസ്കറ്റ്: കൊവിഡ് 19 പ്രതിസന്ധി മൂലം ഒമാനിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട വിമാന സർവീസുകൾ ഇന്ന് ആരംഭിക്കും. വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തില്‍ മസ്കറ്റിൽ നിന്നുള്ള ആദ്യ വിമാനം ഇന്ന് വൈകിട്ട് തിരുവനന്തപരത്ത് എത്തും.

183 യാത്രാക്കാരാണ് വിമാനത്തിലുള്ളത്. ഇതില്‍ 177 മുതിർന്നവരും 6 പേര്‍ കുട്ടികളുമാണെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനുജ് സ്വരൂപ് അറിയിച്ചു. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഒമാൻ സമയം 1.15ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം ഐ എക്സ് 554 ഇന്ത്യൻ സമയം വൈകുന്നേരം 6.35 ന് തിരുവന്തപുരത്ത് എത്തിച്ചേരും.

ഇതിനകം യാത്രക്കാർ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയെന്നും യാത്രക്കായുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നതായും മസ്കറ്റ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അറിയിച്ചു. വന്ദേഭാരത് രണ്ടാം ഘട്ടത്തിൽ പത്ത് വിമാന സർവീസുകളാണ് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് ഉണ്ടാകുക. ഇതിൽ ആറെണ്ണം കേരളത്തിലേക്കാണ് എത്തുക.