2008ന് ശേഷം വാങ്ങിയ വയലുകളില്‍ വീട് വയ്ക്കാനാവില്ല

0 247

 

 

തിരുവനന്തപുരം: 2008 ഓഗസ്റ്റ് 12 നു ശേഷം നിലം (നെല്‍ വയല്‍) വാങ്ങിയവര്‍ക്കു ഭവന നിര്‍മാണത്തിനായി അതു പരിവര്‍‍ത്തനം ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് റവന്യൂ വകുപ്പ്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം സംസ്ഥാനത്തു പ്രാബല്യത്തില്‍ വന്നത് 2008 ഓ​ഗസ്റ്റ് 12നാണ്. ഇതിന് ശേഷം നിലം വാങ്ങിയവര്‍ക്ക് അനുമതി ലഭിക്കില്ല.

ഇതു സംബന്ധിച്ച 2017 ജൂണ്‍ ആറിലെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ലാന്‍ഡ് റവന്യൂ കമ്മ‌ീഷണര്‍, കലക്ടര്‍മാര്‍, റവന്യൂ ഡിവിഷനല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ക്കുള്ള നിര്‍ദേശം റവന്യൂ വകുപ്പ് പുറത്തിറക്കി.

കൃഷിക്കാരനു സ്വന്തം കൃഷി ഭൂമിയില്‍ താമസിക്കാന്‍ അവസരം നല്‍കുന്നതിനാണു നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തില്‍ വന്ന ശേഷം നെല്‍വയല്‍ വാങ്ങുന്നവര്‍ക്ക് ഇതിനായി അനുമതി നല്‍കുന്നതു വലിയ തോതില്‍ ദുരുപയോഗത്തിന് ഇടയാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, 2018 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമവും ചട്ടങ്ങളും പ്രകാരം ഡേറ്റ ബാങ്കിലെ ഉള്ളടക്കം തിരുത്താന്‍ ലഭിക്കുന്ന അപേക്ഷ നെല്‍വയല്‍ സംബന്ധിച്ചാണെങ്കില്‍ കൃഷി ഓഫീസറുടെയും തണ്ണീര്‍ത്തടം സംബന്ധിച്ചാണെങ്കില്‍ വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ട് റവന്യൂ ഡിവിഷനല്‍ ഓഫീസര്‍ (ആര്‍ഡിഒ) വാങ്ങണമെന്നു റവന്യൂ വകുപ്പ് വ്യക്തത വരുത്തി. സ്ഥലം പരിശോധിച്ച്‌ ആര്‍ഡിഒയ്ക്ക് ഉചിത തീരുമാനമെടുക്കാം