വെടിയുണ്ടകള്‍ കാണാതായ സംഭവം: സി.ബി.െഎ അന്വേഷണ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: പൊലീസിന്റെ കൈവശമുള്ള വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാറിെന്റ നടപടി റിപ്പോര്‍ട്ടിന് പിന്നാലെ ഹരജിക്കാരനും മറുപടി സത്യവാങ്മൂലം നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ച വാദത്തിന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് മാറ്റിയത്. ചങ്ങനാശ്ശേരി സ്വദേശി പി.പി. രാമചന്ദ്ര കൈമള്‍ നല്കിയ ഹരജിയാണ് പരിഗണനയിലുള്ളത്.
പൊലീസിെന്റ പക്കല്‍നിന്ന് തോക്കും വെടിയുണ്ടകളും നഷ്ടമായെന്ന സി.എ.ജി റിപ്പോര്‍ട്ട് ദേശസുരക്ഷയെപ്പോലും ബാധിക്കുന്ന വിഷയമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരുകയാണെന്നും റൈഫിളുകളൊന്നും കാണാതായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ദേശസുരക്ഷയെ ബാധിക്കുംവിധം ആയുധങ്ങള്‍ കാണാതായെന്ന ആരോപണമാണ് ഹരജിക്കാരന് മറുപടി സത്യവാങ്മൂലത്തില്‍ ഉന്നയിക്കുന്നത്. അന്വേഷണം വേണ്ടവിധം നടത്താതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപിക്കുന്നു.