പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു

0 160

പേരാവൂർ: അംഗപരിമിതനായ അച്ചനും മകനുമുൾപ്പെടുന്ന കുടുംബത്തിന് വീടു നിർമ്മിച്ചുനല്കാൻ തയ്യാറാവാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്‌നേഹവീട് നിർമിച്ചു നൽകുന്നു. പേരാവൂർ പഞ്ചായത്തിലെ പുതുശ്ശേരി വാർഡിൽ നമ്പിയോടിലെ ടി.വി. വേലായുധനാണ് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി വീടു നിർമ്മിച്ചു നൽകുന്നത്.

അയൽവാസിയായിരുന്ന പരേതനായ കിഴക്കേടത്ത് പരമേശ്വരൻ നമ്പ്യാർ വർഷങ്ങൾക്ക് മുൻപ് ദാനമായി നല്കിയ 10 സെന്റ് ഭൂമിയിലാണ് ജന്മനാ അംഗപരിമിതനായ വേലായുധനും(81) നിത്യരോഗിയായ ഭാര്യ യശോദയും(74)കാഴ്ചപരിമിതനായ മകൻ സനിൽകുമാറും (35), മകളും വിധവയുമായ അമ്പിളി (45) യും കൊച്ചുകൂരയിൽ കഴിയുന്നത്.

തീർത്തും നിർധനരായ ഈ കുടുംബത്തിന് വീടു നല്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഏറെ കൊട്ടിഘോഷിച്ച് സംസ്ഥാനത്ത് 2 ലക്ഷം ഭവനം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടും, വേലായുധനെ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

സ്‌നേഹവീടിന്റെ പ്രവർത്തി ഉദ്ഘാടനം നമ്പിയോടിൽ സണ്ണി ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോൻസൺ ജോസഫ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി.സെക്രട്ടറി പൊയിൽ മുഹമ്മദ്, പേരാവൂർ പഞ്ചായത്തംഗം സുരേഷ് ചാലാറത്ത്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അരിപ്പയിൽ മജീദ്, സന്തോഷ് പാമ്പാറ, കെ.കെ.വിജയൻ, പി.പി.അലി, എസ്.കെ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.