പാനൂര്‍: മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ഫ്ലഡ്ലിറ്റ് കോര്‍ട്ടില്‍ ഷട്ടില്‍ കളിച്ച സംഭവത്തില്‍ പത്താളുകളുടെ പേരില്‍ പാനൂര്‍ പോലീസ് കേസെടുത്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. കളി നടക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാനൂര്‍ സ്റ്റേഷനിലെയും കണ്ട്രോള് റൂമിലെയും പോലീസ് സംഘത്തെ കണ്ട് കളിക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തുനിന്ന് നാല് മൊബൈല്‍ ഫോണും ഒരു ബുള്ളറ്റും പോലീസ് കണ്ടെടുത്തിരുന്നു. 10 പേരെക്കുറിച്ചും വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
പ്രധാന റോഡുകളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ വാഹനങ്ങള്‍ ഉള്പ്രദേശങ്ങള്വഴി സഞ്ചരിക്കുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പാനൂര്‍ പോലീസ് കണ്ട്രോള് റൂം വാഹനങ്ങള്‍ ഇത്തരം പ്രദേശങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. വള്ള്യായി നവോദയ കുന്ന് കേന്ദ്രീകരിച്ച് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പിണറായില്‍ 13 ആളുകളുടെപേരില്‍ കേസ്
പിണറായി :പിണറായി സ്റ്റേഷന് പരിധിയില്‍ കൊറോണ ജാഗ്രതാനിര്‍ദേശം ലംഘിച്ചതിന് 13 പേര്‍ക്കെതിരെ കേസ്. വെണ്ടുട്ടായി ഭണ്ഡാരക്കുറ്റിക്കു സമീപം കൂടിനിന്ന അഞ്ചാളുകളുടെ പേരിലും ഉമ്മന്‍ചിറയില്‍ വോളിബോള്‍ കളിച്ച എട്ടു പേര്‍ക്കുമെതിരെയാണ് കേസ്. പിണറായി സ്റ്റേഷന് പരിധിയില്‍ വളരെ കുറച്ചു വാഹനങ്ങള്‍ മാത്രമാണ് ഇന്ന് നിരത്തിലിറങ്ങിയത്. പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കടകളിലെ ഷട്ടറുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും അണുവിമുക്തമാക്കി.
വിജിലന്‍സ് സി.ഐ. ഇ.പി.സുരേശന്, എസ്.ഐ.മാരായ കെ.വി.ഉമേഷ്, കെ.വി. മഹീന്ദ്രന്, എം.എം.അരുണാനന്ദന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടപടി ശക്തമാക്കി.
നാലു വാഹനങ്ങള്‍ പിടിച്ചെടുത്തു
ധര്‍മടം : ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ നാലു വാഹനങ്ങള്‍ ധര്‍മടം പോലീസ് പിടിച്ചെടുത്തു. രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
ചൊക്ലിയില്‍ അഞ്ചുപേര്‍ക്ക് എതിരെ കേസ്; ആറ് വാഹനങ്ങള്‍ കസ്റ്റഡിയില്‍
ചൊക്ലി : കോവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ചൊക്ലി പോലീസ് സ്റ്റേഷന് പരിധിയില്‍ കര്‍ശന നടപടി തുടരുന്നു. വ്യാഴാഴ്ച അഞ്ചുപേര്‍ക്കെതിരെ കേസെടുക്കുകയും ആറ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പെരിങ്ങത്തൂര്‍, കാഞ്ഞിരക്കടവ്, മോന്താല്‍പ്പാലം എന്നിവിടങ്ങളിലൂടെ വിശദമായ പരിശോധനയ്ക്കുശേഷമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളൂ. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലുള്ള മേക്കുന്ന് സ്വദേശിക്ക് കൊറോണ രോഗബാധയുണ്ടായെന്ന സൂചനയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ചൊക്ലി പോലീസ് ഇന്‍സ്പെക്ടര്‍ പി.സുനില്‍കുമാര്‍ പറഞ്ഞു. നാലാളുകളില്‍ കൂടുതല്‍ പേര് കൂട്ടംകൂടി നില്ക്കുന്നതും അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങിനടക്കുന്നതും പോലീസ് തടയും. ബുധനാഴ്ച ആറുപേര്‍ക്കെതിരെ കേസെടുക്കുകയും 13 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തെറ്റിദ്ധരിപ്പിച്ച് പ്രാര്‍ഥന: ന്യൂമാഹിയില്‍ എട്ടുപേര്‍ക്കെതിരെ കേസ്
ന്യൂമാഹി : പള്ളിയില്‍ പ്രാര്‍ഥന നിര്‍ത്തിയതായി പുറത്ത് അറിയിപ്പ് പ്രദര്‍ശിപ്പിച്ച ശേഷം പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ സ്വകാര്യമായി പ്രാര്‍ഥന നടത്തിയ എട്ടുപേര്‍ക്കെതിരെ ന്യൂമാഹി പോലീസ് കേസെടുത്തു. ദേശീയപാതയോരത്തെ കുറിച്ചിയില്‍ ഉസ്സന്‍മൊട്ട ആലമ്ബത്ത് മുഹിയുദ്ദീന് പള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കൊറോണയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടിയുടെ ഭാഗമായുള്ള അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പള്ളിയിലെ പ്രാര്‍ഥനകള്‍ നിര്‍ത്തിവെച്ചതായി പുറത്ത് അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം ലംഘിച്ച് ആളുകള്‍ ഒത്തുചേര്‍ന്നതിന് പള്ളിക്കമ്മിറ്റി പ്രസിഡന്റ് ആലമ്ബത്ത് നജീബ് (48), ആലമ്ബത്ത് റഫീഖ് (52), മുഹമ്മദ് ബഷീര്‍ (59), നദീല് (38) എന്നിവരുള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് ന്യൂമാഹി എസ്.എച്ച്.ഒ. ജെ.എസ്.രതീഷ് കേസെടുത്തത്.
പോലീസ് നടപടി ഫലം കാണുന്നു
കൂത്തുപറമ്ബ് : ലോക്ക്ഡൗണില്‍ ശിക്ഷാനടപടി ശക്തമാക്കിയതോടെ കൂത്തുപറമ്ബില്‍ വാഹനവുമായി കറങ്ങാനെത്തുന്നവര്‍ നന്നെ കുറഞ്ഞു. കഴിഞ്ഞ ദിവസത്തേതില്‍നിന്ന് വ്യത്യസ്തമായി ഇത്തരത്തിലുള്ളവരുടെ എണ്ണത്തില്‍ 80 ശതമാനത്തിലേറെ കുറവുവന്നതായി സി.ഐ. എം.പി.ആസാദ് പറഞ്ഞു. വ്യാഴാഴ്ച അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 10 പേരെ അറസ്റ്റ് ചെയ്യുകയും നാല് ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വൈകീട്ട് പാറാല്പള്ളി കോമ്ബൗണ്ടില്‍ നമസ്കരിക്കാനെത്തിയ ആറുപേരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ മെഡിക്കല്‍ ഷോപ്പുകളിലും പലചരക്ക് കടകളിലും പച്ചക്കറി കടകളിലുമെത്തുന്നവര്ക്ക് പോലീസ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊളവല്ലൂരില്‍ 22 വാഹനങ്ങള്‍ പിടിച്ചെടുത്തു
പാനൂര്‍ : കൊളവല്ലൂര്‍ സ്റ്റേഷന് പരിധിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ചു സഞ്ചരിച്ച 22 വാഹനങ്ങള്‍ പിടിച്ചെടുത്തു. 18 ബൈക്ക്, മൂന്ന് കാര്‍, ജീപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. മതിയായ കാരണമില്ലാതെ പുറത്തിറങ്ങിയ അഞ്ചാളുകളുടെ പേരില്‍ കേസെടുത്തു.
പാനൂരില്‍ അനാവശ്യമായി കറങ്ങിനടന്നതിന് മൂന്നുപേരെ അറസ്റ്റ് ചെയ്തു. അഞ്ചാളുടെ പേരില്‍ കേസെടുത്തു. ആറ് ബൈക്കുകള്‍ പിടിച്ചെടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ ഇ.വി.ഫായിസ് അലിയുടെ നേതൃത്വത്തില്‍ പാനൂര്‍ ടൗണിലടക്കം വാഹനങ്ങള്‍ പരിശോധിച്ചാണ് കടത്തിവിട്ടത്.