എടിഎം മെഷീനുള്ളില്‍ ഉപകരണം ഘടിപ്പിച്ച്‌ കവര്‍ച്ച; ടാന്‍സാനിയന്‍ വിദ്യാര്‍ഥികള്‍ ബെം​ഗളൂരില്‍ അറസ്റ്റില്‍

0 110

 

 

ബെംഗളൂരു: അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കുന്നതിനായി എടിഎം മെഷീനുള്ളില്‍ ഉപകരണം സ്ഥാപിച്ച രണ്ടു ടാന്‍സാനിയന്‍ വിദ്യാര്‍ഥികള്‍ ബെം​ഗളൂരില്‍ അറസ്റ്റില്‍. അലക്സ് മെന്‍ഡ്രാഡ്, ജോര്‍ജ്ജ് ജെനെസ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നഗരത്തിലെ ഒരു ഫാര്‍മസി കോളേജിലെ വിദ്യാര്‍ത്ഥികളാണ്.

ക്ലാസ് കഴിഞ്ഞതിന് ശേഷമുള്ള സമയം ഇരുവരും നഗരത്തിനു പുറത്ത് സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകള്‍ നിരീക്ഷിക്കുകയും ഉപകരണം സ്ഥാപിക്കുകയും ചെയ്യും. ഇതുവഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയും എടിഎമ്മിലെത്തി പണം പിന്‍വലിക്കുകയുമായിരുന്നു വിദ്യാര്‍ഥികള്‍ ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ എടിഎം തട്ടിപ്പ് റാക്കറ്റിലെ കണ്ണികളാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അറസ്റ്റിലായവരില്‍ നിന്ന് വ്യാജ എടിഎം കാര്‍ഡുകള്‍, ഒരു കാര്‍, രണ്ടു ബൈക്കുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ എടിഎം കാര്‍ഡ് കടത്തുന്ന എംടിഎം കൗണ്ടറുകളിലെ ഏതേലും ഒരുഭാ​ഗതായാണ് കവര്‍ച്ച സംഘം ഉപകരണം സ്ഥാപിക്കുക. മെഷീന്റെ ഒരു ഭാഗമാണെന്നു തോന്നിപ്പിക്കുന്ന തരത്തിലായിരിക്കും ഇത്. പാസ്‍‍വേര്‍ഡ് മനസ്സിലാക്കുന്നതിനായി സമീപത്ത് ഇവര്‍ പിന്‍ഹോള്‍ ക്യാമറ സ്ഥാപിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി.