‘വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ വർഷവും ഇന്റർവ്യൂവിൽ പങ്കെടുത്തു’: കരിന്തളത്ത് പൊലീസ് പരിശോധന
കാസർകോഡ്: എസ്എഫ്ഐ മുൻനേതാവ് കെ. വിദ്യ ഈ വർഷവും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കാസർകോട് കരിന്തളം ഗവ.കോളജിൽ ജോലിക്കായി ഇന്റർവ്യൂവിൽ പങ്കെടുത്തതായി വിവരം. വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് കോളജിലെത്തി പരിശോധന നടത്തി. വിദ്യയുടെ സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അട്ടപ്പാടി ഗവൺമെന്റ് കോളജിന്റെ പരാതിയിൽ അഗളിപൊലീസും അന്വേഷണം ആരംഭിച്ചു. വിദ്യയുടെ വ്യാജരേഖയിൽ മഹാരാജാസ് കോളജിലെ ആർക്കും പങ്കില്ലെന്നാണ് ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്.മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ ഉപയോഗിച്ച് 2022 ജൂൺ മുതൽ 2023 മാർച്ച് വരെയായിരുന്നു കാസർകോട് കരിന്തളം ഗവൺമെന്റ് കോളജിൽ ഗസ്റ്റ് ലക്ചറായി കെ.വിദ്യ ജോലിചെയ്തത്. അതിനിടെയാണ് ഈവർഷവും വിദ്യ വ്യാജരേഖ ഉപയോഗിച്ച് നിയമനത്തിനായി ശ്രമം നടത്തിയെന്ന വിവരം പുറത്ത് വരുന്നത്.
വിദ്യയുടെ തട്ടിപ്പ് കണ്ടെത്തിയ അട്ടപാടി ഗവൺമെന്റ് കോളജ് ഇന്നലെ രാത്രിയാണ് സംഭവത്തിൽ അഗളി പൊലീസിന് പരാതി നൽകിയത്. മഹാരാജാസ് കോളജിന്റെ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴിയും അഗളി പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിദ്യ എവിടെയാണെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലെ പരാതികൾ സമഗ്രമായി അന്വേഷിക്കുമെന്നാണ് കാലടി സംസ്‌കൃത സർവകലാശാല അറിയിച്ചിരിക്കുന്നത്. സര്‍വകലാശാല ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു.