അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽനിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ

0 560

തിരുവനന്തപുരം: അഴിമതിക്കാരനായ ഉദ്യോഗസ്ഥനിൽനിന്ന് കൈക്കൂലി വാങ്ങിയ വിജിലൻസ് ഡി.വൈ.എസ്.പിക്ക് സസ്പെൻഷൻ. തിരുവനന്തപുരം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പി വേലായുധൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് സംഘം വീട്ടിൽ പരിശോധന നടത്തുന്നതിനിടെ ഒളിവിൽ പോയ വേലായുധൻ നായരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരുവല്ല മുൻസിപ്പൽ സെക്രട്ടറി ആയിരുന്ന നാരായണൻ നായർ കൈക്കൂലി വാങ്ങിയ കേസ് അന്വേഷിച്ചത് തിരുവനന്തപുരം സ്പെഷ്യൽ സെൽ ഡി.വൈ.എസ്.പിയായിരുന്ന വേലായുധൻ നായരുടെ നേതൃത്വത്തിലായിരുന്നു.

ഈ കേസ് ഒതുക്കി തീർക്കാൻ ഡി.വൈ.എസ്.പി വേലായുധൻ നായർ ഇടപെടൽ നടത്തിയെന്ന് വിജിലൻസ് മേധാവിക്ക് പരാതിയും ലഭിച്ചിരുന്നു. പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ മുൻസിപ്പൽ സെക്രട്ടറിയുടെ മകന്റെ അകൗണ്ടിൽ നിന്ന് വേലായുധൻ നായരുടെ അക്കൗണ്ടിലേക്കു 50000 രൂപ അയച്ചതായി കണ്ടെത്തി. തുടർന്നാണ് വിജിലൻസ് വേലായുധൻ നായർക്കെതിരെ അന്വേഷണം ആരംഭിച്ചത്.

കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഡി.വൈ.എസ്.പി വേലായുധൻ നായരേ സസ്പെൻഡ് ചെയ്തു ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. വിജിലൻസ് സംഘം കഴിഞ്ഞ ദിവസം വേലായുധൻ നായരുടെ കഴക്കൂട്ടത്തെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്ഡിനിടെ അറസ്‌റ് ഭയന്ന് വേലായുധൻ നായർ മുങ്ങി. ഒളിവിലുള്ള ഇയാളെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനുള്ള വിജിലൻസിന്റെ ശ്രമം തുടരുകയാണ്