തിരുവനന്തപുരം: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് ഏഷ്യനെറ്റിന് സംപ്രേഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. രാവിലെ മീഡിയ വണ്ണിനും അനുമതി നല്കി. വിലക്കിനെതിരേ രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി പിന്‍വലിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 48 മണിക്കൂര്‍ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയത്.
ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പറയുന്നത്. ഇത് 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്സ് നിയമങ്ങള്‍ക്ക് എതിരാണെന്ന് മന്ത്രാലയം വിലയിരുത്തി.
ഡല്‍ഹി കലാപം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്തുവെന്നതിന്റെ പേരില്‍ ഫെബ്രുവരി 28ന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മാര്‍ച്ച് മൂന്നിനു ചാനലുകള്‍ മറുപടി നല്കി.
എന്നാല്‍, ചാനലുകളുടെ വിശദീകരണം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം തള്ളുകയായിരുന്നു.