വിലകൂട്ടി വ്യാപാരികള്‍: അധികൃതര്‍ പരിശോധന നടത്തി

0 759

 

നാറാത്ത് : കൊറോണ ഭീതിയില്‍ നാട് വിറങ്ങലിച്ചുനില്‍ക്കുന്നതിനിടയില്‍ അവശ്യസാധനങ്ങള്‍ക്ക് അമിതവിലയീടാക്കിയ വ്യാപാരിക്കെതിരേ നടപടി. ലോക്ക് ഡൗണ്‍ വരുന്നതിനു രണ്ട് ദിവസം മുമ്ബ് എല്ലാ പച്ചക്കറികളും പൂഴ്ത്തിവച്ച്‌, കടയിലെത്തുന്ന ഉപഭോക്താക്കളോട് സാധനങ്ങള്‍ കിട്ടാനില്ലെന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്ബത് ശതമാനം വില ഈടാക്കി വില്പന നടത്തുന്നതറിഞ്ഞ ഓട്ടോ തൊഴിലാളികള്‍ സി.ഐ.ടി.യു. നേതാവ് പ്രേമന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഇതിനിടയില്‍ മാലോട്ട് സ്വദേശികളായ ചിലര്‍ വ്യാപാരിയുടെ അമിതവിലയീടാക്കല്‍ സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള, ജെ.എച്ച്‌.ഐ. അനുഷ എന്നിവര്‍ പൊതുവിതരണ വകുപ്പ്, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുമായി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

ഇതിനെത്തുടര്‍ന്ന്‌ സിവില്‍ സപ്ളൈസ് ഓഫീസര്‍മാരും പോലീസും ചേര്‍ന്ന് വിലനിലവാര പട്ടിക തിരുത്തിയെഴുതിക്കുകയായിരുന്നു. കണ്ണാടിപ്പറമ്ബിലെ മറ്റ് കടകളിലും ഉള്ളിയുടെ വില അമ്ബത് ശതമാനത്തിലധികം വാങ്ങുന്നതായി കണ്ടെത്തി.

വരുംദിവസങ്ങളില്‍ മയ്യില്‍, കൊളച്ചേരി, നാറാത്ത്, നിരന്തോട്, ചട്ടുകപ്പാറ ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.