ലോക്ക് ഡൗണ്‍; കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, 11 ദിവസം കൊണ്ട് ഹെൽപ്പ് ലെെനിന് ലഭിച്ചത് 92,000 കോളുകൾ

0 721

​ദില്ലി: ഈ ലോക് ഡൗൺ കാലത്ത് വീടുകളിൽ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർധിച്ച് വരികയാണ്. പതിനൊന്ന് ദിവസം കൊണ്ട് ചൈൽഡ്‌ലൈൻ ഇന്ത്യ ഹെൽപ്പ് ലെെനിന് ലഭിച്ചത് 92,000 എസ്‌ഒ‌എസ് കോളുകൾ. സ്ത്രീകൾ മാത്രമല്ല വീട്ടിൽ കുട്ടികളും സുരക്ഷിതരല്ലെന്നതിനുള്ള സൂചനയാണ് ഇത്.

മാർച്ച് 20 മുതൽ 31 വരെ രാജ്യത്തുടനീളം ദുരിതത്തിലായ കുട്ടികൾക്കായി ‘ചെെൽഡ് ലൈൻ 1098’ ഹെൽപ്പ് ലൈനിന് ലഭിച്ച 3.07 ലക്ഷം കോളുകളിൽ 30% ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ച ഉള്ളതാണ്. മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് ശേഷം ആരംഭിച്ച ലോക്ക് ഡൗണിന് ശേഷമുള്ള കോളുകളുടെ എണ്ണം 50% വർദ്ധിച്ചതായി ചൈൽഡ് ലൈൻ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ ഹാർലീൻ വാലിയ പറയുന്നു.

ശിശുസംരക്ഷണ യൂണിറ്റുകൾക്കായുള്ള ഓറിയന്റേഷൻ ചർച്ചയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്. വനിതാ-ശിശു വികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ലോക്ക് ഡൗൺ സമയത്ത് കുട്ടികളിൽ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങളും കേന്ദ്രീകരിച്ചുള്ള
ചർച്ചകൾ നടത്തുകയായിരുന്നു.

ലോക്ക് ഡൗണിനെ തുടർന്ന് ലഭിച്ച മറ്റ് കോളുകളിൽ ചിലത് ശാരീരിക ആരോഗ്യം (11% കോളുകൾ), ബാലവേല (8%), കാണാതായതും ഓടിപ്പോകുന്നതുമായ കുട്ടികൾ (8%), ഭവനരഹിതർ (5%) എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് വാലിയ പറയുന്നു. കൊറോണ വൈറസിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി ഹെൽപ്പ്ലൈനിന് 1,677 കോളുകളും അസുഖമുള്ളവർക്ക് സഹായം തേടുന്ന 237 കോളുകളും ലഭിച്ചു.

ലോക്ക് ഡൗൺ സമയത്ത് ഹെൽപ്പ് ലൈൻ അത്യാവശ്യ സേവനമായി പ്രഖ്യാപിക്കാൻ വാലിയ നിർദ്ദേശിച്ചിട്ടുണ്ട്. ഗാർഹിക പീഡനത്തിന് ഇരയായ പല സ്ത്രീകളും ലോക്ക് ഡൗൺ സമയത്ത് കൂടുതൽ അപകടസാധ്യതയിലാണ്.

ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ വീടുകൾക്കകത്ത് ഗാർഹിക പീഡനം വൻതോതിൽ കൂടിയെന്ന് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ അടുത്തിടെ വ്യക്തമാക്കിയിരുന്നു. മാർച്ച്‌ 23 മുതൽ ഏപ്രിൽ ഒന്ന് വരെ മാത്രം 257 പരാതികൾ ഓൺലൈനായി ലഭിച്ചു. ബലാത്സംഗ ശ്രമവുമായി ബന്ധപ്പെട്ട 13 പരാതികൾ ലഭിച്ചതായും അവർ പറഞ്ഞു.

കിട്ടിയ പരാതികളിൽ 69 എണ്ണം ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് ഉത്തർപ്രദേശിൽ നിന്നാണ്. ഇവിടെ നിന്ന് മാത്രം 90 പരാതികൾ ലഭിച്ചു. ദി‌ല്ലിയിൽ നിന്ന് 37 പരാതികൾ ലഭിച്ചു. ബീഹാറിൽ നിന്നും ഒഡിഷയിൽ നിന്നും 18 പരാതികൾ വീതമാണ് ലഭിച്ചത്.