പത്തനംതിട്ട: പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ (IMA). അക്രമികളെ അടിയന്തിരമായി അറസ്റ്റ് ചെയ്യണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. നടപടി ഇല്ലെങ്കിൽ ബുധനാഴ്ച മുതല്‍ സംസ്ഥാന വ്യാപക സമരം തുടങ്ങാനാണ് ഐഎംഎയുടെ നീക്കം. ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയെന്നും അക്രമികള്‍ക്ക് പൊലീസ് കുടപിടിക്കുകയാണെന്നും ഐഎംഎ പറഞ്ഞു. പരാതി നല്‍കിയാലും പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ഐഎംഎ കുറ്റപ്പെടുത്തി.
ഇഎംഎസ് ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പെരിന്തൽമണ്ണ ഐഎംഎ ബ്രാഞ്ചിലെ ഡോക്ടർമാർ ഇന്ന് പണിമുടക്കും. ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആക്രമിക്കുകയും ആശുപത്രിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. എമർജൻസി സർവീസ് ഒഴികെ ബാക്കി ഒപികള്‍ പ്രവർത്തിക്കില്ലെന്ന് ഐഎംഎ ജില്ലാ പ്രസിഡന്‍റ് ഡോക്ടർ മുഹമ്മദ് അബ്ദുൽ നാസറും സെക്രട്ടറി ഡോക്ടർ ജലീൽ കെ ബി യും അറിയിച്ചു.
മൂന്ന്ദിവസം മുമ്പാണ് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തത്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ മരിച്ചതുമായി ബന്ധപെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്തത്.