അമ്മയും പെണ്‍മക്കളും മാത്രമുള്ള വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം; നടപടിയെടുക്കാതെ പൊലീസ്

0 1,137

കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയും രണ്ടു പെണ്‍മക്കളും മാത്രം താമസിക്കുന്ന വീട്ടില്‍ കയറി ബന്ധുവിന്‍റെ അതിക്രമം. മൈലം പഞ്ചായത്തിലെ മുന്‍ അംഗത്തിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്.  കഴിഞ്ഞ ദിവസം രാത്രി അതിക്രമിച്ചു കയറിയ ബന്ധു വീട്ടുപകരണങ്ങള്‍ മുഴുവന്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

മൈലം ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗം സിന്ധുവിന്‍റെ വീട്ടിലാണ് ബന്ധു അതിക്രമിച്ച് കയറി അഴിഞ്ഞാടിയത്.  സിന്ധുവിന്‍റെ ബന്ധു തന്നെയായ മുരളിയാണ് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങളടക്കം തല്ലിത്തകര്‍ത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയത്.  വീട്ടിലെ കസേരകള്‍ മുരളി അടിച്ചു തകര്‍ത്തു. ടെലിവിഷന്‍ സെറ്റ് എടുത്തെറിഞ്ഞു. സിന്ധുവും രണ്ട് പെണ്‍മക്കളും അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും മുരളി പിന്‍മാറാന്‍ തയാറായില്ല.

മറ്റൊരു ബന്ധുവിനെതിരെ സിന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുളള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. രാത്രി തന്നെ വിവരം പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.