വിസ പോകുമെന്ന പേടി വേണ്ട; ആശ്വാസ വാക്കുമായി സൗദി ജവാസാത്ത്
റിയാദ്: ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ക്ക് സൗദി അറേബ്യ യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാട്ടില്‍ അവധിയിലുള്ളവര്‍ക്ക് വിസയെ കുറിച്ച് ആശങ്ക വേണ്ടെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്). അവധിക്ക് നാട്ടില്‍ പോയവരുടെ ഇഖാമയുടെയും റീഎന്‍ട്രി വിസയുടെയും കാലാവധി അവസാനിച്ചാല്‍ നീട്ടി നല്‍കുമെന്ന് ജവാസാത്ത് ഒൗദ്യോഗിക ട്വീറ്റര്‍ ഹാന്‍ഡിലില്‍ ആളുകളുടെ ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടികളിലാണ് അറിയിച്ചത്.
മാനുഷിക പരിഗണിച്ചാണ് ഇത് അനുവദിക്കുകയെന്ന് ജവാസാത്ത് അറിയിച്ചു. യാത്രാവിലക്ക് പ്രാബല്യത്തില്‍ വരുന്ന സമയത്ത് കാലാവധിയുള്ള ഇഖാമയുള്ളവര്‍ക്കാണ് ഇത് നീട്ടി നല്‍കുക. റീ എന്‍ട്രിക്കും ഈ മാനദണ്ഡം ബാധകമാണ്. ഇതിനായുള്ള നടപടി ജവാസാത്തില്‍ നിന്നും പൂര്‍ത്തിയാക്കാം.
ഇതോടൊപ്പം എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്കും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാം. കോവിഡ് കാരണം യാത്രാവിലക്കിയ രാജ്യങ്ങളിലേക്കും എക്സിറ്റ് വിസ കരസ്ഥമാക്കിയവര്‍ക്ക് മടങ്ങാനാകും.