വിസ്‍മയ കേസ്‍; ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ

0 588

കൊല്ലം: കൊല്ലം വിസ്‍‍മയ കേസില്‍ പ്രതി കിരണ്‍കുമാര്‍ കുറ്റക്കാരന്‍. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് സുപ്രധാന കേസിൽ വിധി പറഞ്ഞത്. കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരൺ കുമാറിനെതിരെ ഏഴ് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കിരണ്‍ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കി. അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി കെ എൻ സുജിത്താണ് വിധി പ്രസ്താവിച്ചത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കുമെന്നും കോടതി വ്യക്തമാക്കി

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റൽ തെളിവുകളും നിർണായകമായി.

2021 ജൂൺ 21 നാണ് വിസ്മയയെ കിരണിന്‍റെ ശാസ്താംകോട്ട ശാസ്താംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരാണ് കേസിലെ മുഖ്യ സാക്ഷികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ മോഹൻരാജാണ് ഹാജരായത്.

Get real time updates directly on you device, subscribe now.