കേരളത്തിന്റെ മുന്‍ വോളി നായകന്‍ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

0 460

പത്തനംതിട്ട: ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയതടക്കമുള്ള കേരളാ വോളിബോള്‍ടീമിന്റെ മുന്‍ നായകനും മുന്‍ രാജ്യാന്തര താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം മൂലം തിരുവല്ല ബിലീവേഴ്സ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

രണ്ടാഴ്ചയായി അവിടെ ചികിത്സയിലായിരുന്നു. ദേശീയ ചാമ്ബ്യന്‍ഷിപ്പുകളില്‍ കേരളത്തിനായി സ്വര്‍ണ്ണവും വെങ്കലവും നേടിയ ടീമിനെ നയിച്ച മികച്ച കേരള നായകന്മാരില്‍ ഒരാളായ ഡാനിക്കുട്ടി കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളാണ്.

കോഴഞ്ചേരി സെന്റ് തോമസ് കോളജ് ടീമിലൂടെയാണ് വോളിബോള്‍ കരിയറിനു തുടക്കമിട്ട അദ്ദേഹം പിന്നീട് കേരള യൂണിവേഴ്സിറ്റി വോളി ടീമിന്റെ ക്യാപ്റ്റനായി. 1981 മുതല്‍ 1993 വരെ കേരളത്തിനായി 11 ദേശീയ ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചു. 1985-86 ല്‍ ഡല്‍ഹി ദേശീയ ചാംപ്യന്‍ഷിപ്പില്‍ ഡാനിക്കുട്ടി നയിച്ച കേരളത്തിന് വെങ്കലം ലഭിച്ചിരുന്നു.

1960 മേയ് 20 ന് പത്തനംതിട്ട ജില്ലയിലെ മല്ലശേരിയില്‍ ജനിച്ച ഡാനിക്കുട്ടി ഡേവിഡ് 85 ലെ ഡല്‍ഹി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കേരള ടീമില്‍ അംഗമായിരുന്നു. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി കളിച്ചു. 1993 ലെ ഫെഡഫേഷന്‍ കപ്പ് ജേതാക്കളായ ടൈറ്റാനിയം ടീമില്‍ അംഗമായിരുന്നു. ടൈറ്റാനിയത്തില്‍ നിന്ന് മേയ് 30 നാണ് വിരമിച്ചത്.