പ്രവാസി വോട്ടവകാശം; ഹര്‍ജി ഏപ്രിലില്‍ തീര്‍പ്പാക്കും

0 104

 

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് വോട്ടവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീ കോടതി വ്യക്തമാക്കി. പ്രമുഖ വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി വോട്ടവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 2018 ഓഗസ്റ്റില്‍ ബില്‍ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്‍ അസാധു ആയിരുന്നു. ഇക്കാര്യം ഇന്നലെ ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബഞ്ച് ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് അറിയിച്ചത്.
വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു പുറമെ സ്വന്തം സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിഞ്ഞെടുപ്പ് കമ്മീഷന് അനുകൂല സമീപനമാണെന്നാണ് സൂചന. എന്നാല്‍ ഇന്നലെ കോടതിയില്‍ ഉണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആത്മാറാം നദ്കര്‍ണി ഈ ആവശ്യങ്ങളിലുള്ള നിലപാട് വ്യക്തമാക്കിയില്ല. 2014ല്‍ ആണ് പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ഉറപ്പ് ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല.