സാമൂഹ്യ വനവല്‍ക്കരണത്തിനായി ‘വൃക്ഷസമൃദ്ധി’ പദ്ധതി

0 865

നല്ലയിനം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളില്‍ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും അവയുടെ പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കുമായി വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ‘വൃക്ഷസമൃദ്ധി’ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയ്ക്ക് അനുമതി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി വനേതര പ്രദേശങ്ങളില്‍ പ്രത്യേകിച്ചും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് നടപ്പിലാക്കുന്നത്. നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന പ്രവര്‍ത്തി, തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്നതോടെ ഗ്രാമീണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതോടെ സാധിക്കും. സ്‌കൂളുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകള്‍, കര്‍ഷകര്‍ എന്നിവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് വൃക്ഷസമൃദ്ധി പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.

പദ്ധതിയുടെ ഭാഗമായി നഴ്‌സറി സ്ഥാപിക്കുന്നതിനു വേണ്ടി സാങ്കേതിക സഹായവും നഴ്‌സറിയ്ക്കാവശ്യമായ വിത്തും വനം വകുപ്പ് നല്‍കും. 14 ജില്ലകളിലായി 758 സ്ഥലങ്ങളില്‍ നഴ്‌സറി സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 43 ലക്ഷം വൃക്ഷതൈകള്‍ നടുവാനാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്. ഇതില്‍ കൂടുതല്‍ ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും വെച്ചു പിടിപ്പിക്കാന്‍ പ്രാധാന്യം നല്‍കുമെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. നടപ്പ് വര്‍ഷത്തില്‍ ഈ പദ്ധതിക്കായി വനം വകുപ്പില്‍ നിന്നും 45 ലക്ഷം രൂപ വിനിയോഗിക്കാവുന്നതാണ്.

വൃക്ഷത്തൈ നഴ്‌സറികള്‍ സ്ഥാപിക്കുന്നതിനും തൈകള്‍ നട്ട് അഞ്ച് വര്‍ഷം വരെ പരിപാലിക്കുന്നതിനും വനം-തദ്ദേശസ്വയംഭരണ വകുപ്പുകള്‍ സംയോജിത പ്രവര്‍ത്തനം നടത്തും. നിലവിലുള്ള സാമ്പത്തിക സ്ഥിതി വച്ച് വര്‍ദ്ധിച്ച തോതിലുള്ള വൃക്ഷത്തൈകളുടെ പരിപാലനം വേണ്ട രീതിയില്‍ നടത്താന്‍ സാധിച്ചിരുന്നില്ല. വനം വകുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണ വിഭാഗം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനവും നല്‍കുന്നതാണ്.