ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ ഹരജി നൽകി

0 4,093

ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വിഎസ് അച്യുതാനന്ദൻ ഹരജി നൽകി

സോളാർ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ ഹരജി നൽകി. തിരുവനന്തപുരം സബ് കോടതി വിധിക്കെതിരെ വിഎസ് തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹരജി നൽകിയത്. അഭിഭാഷകരായ ചെറുന്നിയൂർ ശശിധരൻനായർ, വിഎസ് ഭാസുരേന്ദ്രൻ നായർ, ദിൽമോഹൻ എന്നിവർ മുഖേനയാണ് ഹരജി നൽകിയത്.

വസ്തുതകൾ ഒന്നും പരിഗണിക്കാതെയാണ് വിധിയെന്ന് നേരത്തെ വിഎസ് പ്രതികരിച്ചിരുന്നു. സോളാർ കമ്മീഷൻ കണ്ടെത്തിയ വസ്തുതകൾ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പൊതുശ്രദ്ധയിൽ കൊണ്ടുവരികയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കീഴ്‌ക്കോടതികളിൽ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ലെന്നും വി.എസ് ഫേസ്ബുക്കിൽ കുറിച്ചു. സോളാർ കേസിൽ അഴിമതി നടത്തിയെന്ന വി.എസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ പരാമർശം. 2013 ജൂലൈയിൽ നടത്തിയ പരാമർശത്തിനെതിരെയാണ് ഉമ്മൻചാണ്ടി കോടതിയെ സമീപിച്ചത്. വി.എസ് ഉമ്മൻചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിവിധി.